കൊട്ടാരക്കര . സോളാർ കേസ് ലൈംഗികപീഡനരോപണ പരാതിയിൽ മുൻ മുഖ്യമന്ത്രിയുടെ പേര് ഗൂഡാലോചനയിലൂടെ എഴുതിച്ചേർത്തെന്ന കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. കേസിൽ സോളാർക്കേസ് പരാതിക്കാരി ഒന്നാം പ്രതിയും കെ.ബി ഗണേശ് കുമാർ എം.എൽ.എ രണ്ടാം പ്രതിയുമാണ്.
പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയിരുന്നു. സോളാർ പരാതിക്കാരിയും കെ.ബി ഗണേശ് കുമാർ എം.എൽ.എയും അദ്ദേഹത്തിന്‍റെ ബന്ധു ശരണ്യ മനോജുമാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നും സിബിഐ കണ്ടെത്തിയിരുന്നു.