തിരുവനന്തപുരം: നിരോധിത ലഹരിമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലിസിന്‍റെ പരിശോധന. ഓപ്പറേഷൻ “ഡി.ഹണ്ട്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1373 പേരെ പരിശോധനയ്ക്ക് വിധേയമാക്കുകയും 244 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഡിജിപിയുടെ നിർദേശ പ്രകാരം ലഹരി കടത്തുകാരുടെ വീടുകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും താവളങ്ങളിലുമായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ പരിശോധന. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനായിരുന്നു ഏകോപനം. ചില സ്ഥലങ്ങളിൽ നിന്നും ലഹരി വസ്തുക്കളെ കൂടാതെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി.
വാറണ്ടുണ്ടായിട്ടും മുങ്ങി നടന്നവരെയും പിടികൂടി. രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരി മരുന്നായ എംഡിഎംഎയും, കൂടാതെ കിലോക്കണക്കിന് കഞ്ചാവും, ഹാഷിഷ് ഓയിലും, ബ്രൗൺ ഷുഗറും മറ്റ് ലഹരി വസ്തുക്കളും ഇവരിൽ നിന്നും പിടികൂടി.
ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കൊച്ചിയിൽ നിന്നാണ്. 61 പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ചില്‍ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 48 പേര്‍ അറസ്റ്റിലായി. ആലപ്പുഴയിൽ 45 പേരും ഇടുക്കിയിൽ 33 പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റു ജില്ലകളിലും അറസ്റ്റിലായവരുടെ അടക്കം വിശദ വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ലഹരി വിൽപ്പനയിലൂടെ കൂടുതൽ സമ്പാദ്യം ഉണ്ടാക്കിയെന്ന് കണ്ടെത്തുന്നവരുടെ സ്വത്തു വകകൾ കണ്ടുകെട്ടാനും, അവരെ കരുതൽ തടങ്കലിലാക്കാനുമാണ് പൊലീസിന്‍റെ തീരുമാനം. ഇന്‍റലിജൻസ് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇനിയും പരിശോധനകള്‍ തുടരുമെന്ന് ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് അറിയിച്ചു. ഇതിനായി റെയ്ഞ്ച് ഡിഐജിമാരുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഓപ്പറേഷൻ ഡി.ഹണ്ടിനായി പ്രത്യേക സ്ക്വാഡുകളും നിലവില്‍വന്നിട്ടുണ്ട്.
പൊതുജനങ്ങളിൽ നിന്ന് ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങളും മറ്റും സ്വീകരിച്ച് നടപടികൾ കൈകൊള്ളുന്നതിലേക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്‍റി നാർക്കോട്ടിക്ക് കൺട്രോൾ റൂം (9491920791) നിലവിലുണ്ട്. വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഈ നമ്പറിൽ കൂടി ലഭിക്കുന്ന വിവരങ്ങളിൽ പൊലീസ് സ്വീകരിച്ച നടപടികൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ട വിവരം നൽകിയ ആളെ അറിയിക്കാറുമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.