രണ്ട് യോഗങ്ങളുടെ സമാപനം ഒരേ സമയം; തിരുവല്ല പൊടിയാടിയിൽ സി പി എം – കോൺഗ്രസ് സംഘർഷം, റോഡ് ഉപരോധം

Advertisement

തിരുവല്ല: സി പി എമ്മിൻ്റേയും,, കോൺഗ്രസിൻ്റെയും രണ്ട് യോഗങ്ങളുടെ സമാപനം ഒരു സ്ഥലത്ത് ഒരു സമയത്ത് ആയത് സംഘർഷത്തിന് വഴിതെളിച്ചു. ഇന്ന് വൈകിട്ട് 5.30 തോടെ തിരുവല്ല പൊടിയാടി ജംഗ്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം.


ബി ജെ പി ഭരിക്കുന്ന നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ സി ഡി എസിൻ്റെ സാമ്പത്തീക ക്രമക്കേട് വിജിലൻസ് അന്വേഷിക്കുക, കുറ്റക്കാരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ ജനപ്രതിനിധികളുടെ ഉപവാസം പൊടിയാടി ജംഗ്ഷനിൽ നടക്കുകയായിരുന്നു. വൈകിട്ട് സമാപനയോഗം നടക്കുന്നതിനിടെ സി പി എം നേതൃത്വം നൽകുന്ന എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണ ജാഥയും എത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ നയിച്ച ജാഥയുടെ സമാപനവും ഇവിടെത്തന്നെയായിരുന്നു. പൊടിയാടി ജംഗ്ഷനിൽ നിന്ന് മാവേലിക്കരയ്ക്ക് തിരിയുന്ന റോഡിൻ്റെ വലത് ഭാഗത്തായിരുന്നു കോൺഗ്രസ് ഉപവാസം.

പൊടിയാടി ജംഗ്ഷനിൽ പൊടിയാടി -തിരുവല്ല റോഡിൻ്റെ ഇടത് ഭാഗത്തായിരുന്നു സിപിഎമ്മിൻ്റെ പ്രചരണ ജാഥ സമാപന യോഗം. ഇവ തമ്മിൽ ഏകദേശം നൂറ് മീറ്റർ മാത്രം അകലമേ ഉണ്ടായിരുന്നുള്ളൂ.കോൺഗ്രസിൻ്റെ യോഗം നടന്നുകൊണ്ടിരിക്കെയാണ് സി പി എമ്മിൻ്റെ ജാഥ എത്തിയത്. ഇത് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചു. വേദി വിട്ടിറങ്ങിയ കോൺഗ്രസ്സുകാർ സിപിഎമ്മിൻ്റെ പ്രചരണ ജാഥയുടെ അടുത്തേക്ക് നീങ്ങിയത് പോലീസ് തടഞ്ഞതോടെ പ്രവർത്തകരും നേതാക്കളും റോഡിൽ കുത്തിയിരുന്നു. ഗതാഗതം തടയാൻ ശ്രമിച്ചെങ്കിലും പോലീസ് എത്തി അത് തടഞ്ഞു. എങ്കിലും അല്പനേരത്തേക്ക് ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടു.പ്രവർത്തകർ റോഡിലിരുന്ന് പോലീസിനും, സി പി എമ്മിനുമെതിരെ മുദ്രാവാക്യം വിളിച്ചു.ഈ സമയം സി പി എമ്മിൻ്റ യോഗം തുടരുകയായിരുന്നു.ഇതിനിടെ കോൺഗ്രസ്സിൻ്റെ സമാപനയോഗം ഉദ്ഘാടകനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ എത്തി റോഡിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് മടങ്ങി.തിരുവഞ്ചൂർ മൈക്കില്ലാതെ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോൾ തന്നെ മൈക്കിലൂടെ തിരുവഞ്ചൂരിനെതിരെ സി പി എം ആരോപണങ്ങൾ ഉയർത്തി.തിരുവല്ല ഡിവൈഎസ്പി എസ് അഷാദിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നതിനാൽ സംഘർഷം ഒഴിവായി.തിരുവഞ്ചൂർ മടങ്ങിയതോടെ കോൺഗ്രസ് യോഗവും മുടങ്ങി.

കോൺഗ്രസ് പ്രവർത്തകർ അവരുടെ വേദിക്കരികിലേക്ക് മാറിയപ്പോൾ
സി പി എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് ആൻറണിയുടെ നേതൃത്വത്തിൽ സി പി എം പ്രവർത്തകർ കോൺഗ്രസുകാർ സിപിഎം ജാഥയെ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ജംഗ്ഷനിൽ പ്രകടനവും നടത്തി.ഏകദേശം ഒരു മണിക്കൂറോളം ജംഗ്ഷനിൽ സംഘർഷാവസ്ഥയായിരുന്നു. 29, 30 തിയതികളിൽ തിരുവല്ലയിലാണ് എൻആർഇജി വർക്കേഴ്സ് യൂണിയൻ്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്. 30 ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ,സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും.