കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്,സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

Advertisement

തൃശൂര്‍.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. കേസില്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സും അറസ്റ്റിലായി.

തുടര്‍ച്ചയായി ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷനെന്ന് ഇഡി പറയുന്നു. പി സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ കരുവന്നൂരിലും, തൃശ്ശൂര്‍ സഹകരണ ബാങ്കിലും കള്ളപ്പണം വെളുപ്പിക്കുന്നതിന് അരവിന്ദാക്ഷന്‍ സഹായിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അരവിന്ദാക്ഷനും സതീശനുമായുള്ള ഫോണ്‍ രേഖകള്‍, സാമ്പത്തിക ഇടപാട് രേഖകള്‍, ജിജോറിന്റെ മൊഴി എന്നിവ കൂടി അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. അതേസമയം അറസ്റ്റ് വേട്ടയാടലെന്ന് അരവിന്ദാക്ഷന്‍ പ്രതികരിച്ചു.

ഇതിനിടെ കേസില്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സും അറസ്റ്റിലായി. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്‍.വി.ബിനു, സതീശന്റെ ഭാര്യ ബിന്ദു എന്നിവരെയും ഇഡി ഇന്ന് ചോദ്യം ചെയ്തു.