കോട്ടയം. ഉഗ്രരൂപികളായ നായ്ക്കളെ തുറന്നുവിട്ട് പൊലീസിനെ ഭയപ്പെടുത്തി കഞ്ചാവ് വില്പന നടത്തിയിരുന്ന റോബിൻ ജോർജിനെ പിടികൂടാനാകാതെ പൊലീസ്.
കഞ്ചാവ് പിടികൂടി രണ്ട് ദിവസം പിന്നിട്ടെങ്കിലും റോബിൻ കാണാമറയത്താണ്.
കോട്ടയത്തേയും സമീപ ജില്ലകളിലേയും ഗുണ്ടാസംഘങ്ങളുടെ ഉറ്റ ചങ്ങാതിയാണ് റോബിനെന്ന് പോലീസ് പറയുന്നു.
പൊലീസിന്‍റെ കണ്മുന്നില്‍ നിന്നും രക്ഷപെട്ട കോട്ടയം സ്വദേശി റോബിൻ ജോർജിനെ കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് പൊലീസ് .
കോട്ടയം കൊശമറ്റം കവലയിലെ റോബിന്റെ വാടക വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലാണ്.
ഇതിന് സമീപത്ത് നിന്നാണ് ഇന്നലെ ഇയാളെ ഓടിച്ചിട്ട് പിടികൂടാനുള്ള ശ്രമം നടന്നത്.
ഇവിടെ നിന്ന് മീനച്ചിലാർ നീന്തിക്കടന്ന് റോബിൻ എവിടേക്ക് പോയെന്ന് പൊലീസിന് ധാരണയില്ല. നല്ല മുന്‍കരുതലോടെമാത്രമേ ഇയാളെ സമീപിക്കാനാവുമായിരുന്നുള്ളൂ. മാരകമായ അക്രമസ്വഭാവമുള്ള പിറ്റ്ബുള്‍,റോട്ട് വീലര്‍ അടക്കമുള്ള നായ്ക്കളെയാണ് ഇയാള്‍ വളര്‍ത്തുകയും ഉദ്യോഗസ്ഥരെ തടയാന്‍ വിനിയോഗിക്കുകയും ചെയ്തിരുന്നത്.
ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് റോബിനാണെന്നും
രണ്ട് ദിവസമായി ഒളിവിൽ കഴിയാനുള്ള സഹായം ഗുണ്ടാസംഘങ്ങളാണ് നൽകിയതെന്നും പൊലീസ് കരുതുന്നു.
മൊബൈൽ ഫോണോ എടിഎം കാർഡോ കൈവശമില്ലാത്തത് ഇയാളെ ട്രാക്ക് ചെയ്യുന്നതിന് വെല്ലുവിളിയാകുന്നുണ്ട്.
റോബിനെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചേർക്കാൻ പോലീസ് നിയമോപദേശം തേടി.
കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.റോബിനുമായി ലഹരി ഇടപാടു നടത്തിയവരെ പൊലീസ് തിരയുകയാണ്.
നായകളെ പരിശീലിപ്പിക്കാന്‍ റോബിനുമായി ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്ത് വരികെയാണ്.