പടിഞ്ഞാറെ കല്ലട: ഒരു നാടാകെ കാരുണ്യത്തോടെ ഒന്ന് ചേർന്നപ്പോൾ സുധ സനാഥയായി. ഒരു ഗ്രാമത്തെ ഒന്നാകെ സാക്ഷി നിർത്തി കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ബിജു സുധയുടെ കഴുത്തിൽ മിന്ന് ചാർത്തി സ്വന്തം ജീവിതത്തിലേക്ക് കരം പിടിച്ചു.
കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറെ കല്ലട അയിത്തോട്ടുവ, തോപ്പിൽ കടവ് പുത്തൻതറ കിഴക്കതിൽ പരേതരായ തങ്കപ്പൻ -സുശീല ദമ്പതികളുടെ മക്കളായ സുധയുടെയും സുമയുടെയും കരളലിയിക്കുന്ന കഥകൾ പുറംലോകം അറിഞ്ഞത്. ഇതിന് പിന്നാലെ കാരുണ്യത്തിന്റെ ഒരു കുത്തൊഴുക്ക് തന്നെ ഇവരെത്തേടിയെത്തി. ഒരു നാട് ജാതി മത ഭേദമന്യേ ഒത്ത് ചേർന്ന് സുധയുടെ കല്യാണം ആഘോഷമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എന്തിനേറെ വിദേശത്ത് നിന്നടക്കം സുധയെയും സുമയെയും തേടി സഹായമെത്തി. സുധയുടെ അക്കൗണ്ടിലേക്കും സുഹൃത്തിന്റെ ഗൂഗിൾ പേ നമ്പരിലേക്കുമായി സഹായ പ്രവാഹം. ഇതിന് പുറമെ ഇന്ന് രാവിലെ പത്ത് മണി മുതൽ പടിഞ്ഞാറെ കല്ലട പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളിയിൽ നേരിട്ട് എത്തി വിവാഹ സമ്മാനങ്ങൾ നൽകുന്നവരെയും കാണാനായി. ഇന്നലെ സുധയുടെ വീട്ടിലും നേരിട്ടെത്തി ചിലർ സഹായങ്ങളും സമ്മാനങ്ങളും കൈമാറി.
പടിഞ്ഞാറെ കല്ലടയിലെ നല്ലവരായ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബ ശ്രീ പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, കല്ലട സൗഹൃദം കൂട്ടായ്മ, കല്ലട പ്രവാസി കൂട്ടായ്മ, പടിഞ്ഞാറെ കല്ലട ഗവൺമെന്റ് ഹൈസ്കൂളിൽ വിവിധ ബാച്ചുകളിലായി പഠിച്ച് നിരവധി നാടുകളിലേക്ക് ചേക്കേറിയവരുടെ സഹായങ്ങൾ, പരിചയക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ ഇങ്ങനെ എണ്ണമറ്റ നിരവധി പേർ ആലംബമില്ലാത്ത ഈ സഹോദരിമാരെ ചേർത്തണച്ചു. ഒരു തരി സ്വർണമില്ലെന്ന് സങ്കടം പറഞ്ഞ ബന്ധുക്കൾക്ക് മുന്നിൽ സ്വർണ മാലയായും മോതിരങ്ങളായും വസ്ത്രങ്ങളായും സമ്മാനങ്ങൾ എത്തി.
എന്നാൽ ആ സന്തോഷ നിമിഷങ്ങളിലും വേദനയോടെ നിന്ന ഒരു മുഖം എല്ലാവരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. 42 വർഷം ഒപ്പമുണ്ടായിരുന്ന സഹോദരി ഭർതൃവീട്ടിലേക്ക് പോകുന്നതിന്റെ വിഷമത്തിൽ സഹോദരി സുമ അവിടെയെല്ലാം നിൽക്കുന്ന കാഴ്ച ആർക്കും സഹിക്കാനാകുമായിരുന്നില്ല, സുമയുടെ ഭാവിയും വലിയൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്. സുധയുടെ ഭർത്താവ് അനിയത്തിയെ നോക്കിക്കൊള്ളാം എന്ന് വാക്ക് നൽകിയിട്ടുണ്ട്. എന്നാൽ വീട് വിട്ട് പോകില്ലെന്ന നിലപാടിലാണ് സുമ. സുഹൃത്തുക്കളിൽ പലരും തങ്ങളുടെ ഒപ്പം പോരാനും നിർബന്ധിക്കുന്ന കാഴ്ച കാണാമായിരുന്നു. എന്നാൽ എങ്ങോട്ടുമില്ല എന്ന് ഉറപ്പിച്ചാണ് അവൾ. അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ രോഗിയായ താൻ-ജോലി ഒന്നും ചെയ്യാതെ അങ്ങനെ ഒരു സ്ഥാപനത്തിൽ നിന്നാലുണ്ടാകുന്ന പ്രശ്നങ്ങൾ സുുമ ചൂണ്ടിക്കാട്ടുന്നു. വല്ല പ്രാർത്ഥനാ ഗ്രൂപ്പുകളിലോ പള്ളികളുടെ അങ്ങനെയുള്ള സ്ഥാപനങ്ങളിലോ പോകാമെന്ന താത്പര്യം പക്ഷേ അവൾ പ്രകടിപ്പിക്കുന്നുമുണ്ട്. ഏതായാലും തങ്ങളെ ചേർത്ത് പിടിച്ചവർക്കെല്ലാം നന്ദി പറയുന്ന ഈ സഹോദരിമാർ ഒറ്റക്കായി പോകുന്ന സുമയെയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ്.