തിരുവനന്തപുരം; ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്.
മകന്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് ലക്ഷം രൂപ തവണകളായി നൽകാൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും പരാതിയിൽ പറയുന്നു. സിഐടിയു മുൻ ഓഫിസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസന്റെ പരാതിയിലുണ്ട്.
അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നൽകിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. കന്റോൺമെന്റ് പൊലീസ് അന്വേഷണം നടത്തും.
സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ‘ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാൽ ഒരാൾ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോൾ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പഴ്സനൽ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ അയാൾ വിശദീകരിക്കുകയുണ്ടായി.
തുടർന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറി. ഇതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട്, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന് പഴ്സനൽ സെക്രട്ടറിക്ക് നിർദേശം നൽകി. അദ്ദേഹം അതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. താൻ ചെയ്യാത്ത കാര്യമാണ് തനിക്കു മേൽ ആരോപിക്കപ്പെട്ടതെന്ന് പഴ്സനൽ സ്റ്റാഫംഗം പറയുന്നതിനാൽ, അതും ഒരു പരാതിയായി നൽകണമെന്ന് പഴ്സനൽ സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും ഇതിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് നടപടിയുണ്ടാകും’– മന്ത്രി വീണാ ജോർജ് പറഞ്ഞു.