‘വെളുക്കാൻ ക്രീം, വന്നത് അപൂർവ്വ വൃക്കരോഗം’; 5 മാസത്തിനിടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയത് 8 പേർ !

Advertisement

മലപ്പുറം: സൗന്ദര്യ വർധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന കണ്ടെത്തലുമായി കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം. തൊലിവെളുക്കാനുള്ള ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള രോഗികളിലാണ് മെമ്പനസ് നെഫ്രോപ്പതി എന്ന അപൂർവ്വമായ വൃക്കരോഗം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയപരിധിക്കിടയിൽ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള രോഗികളിലാണ് മെമ്പനസ് നെഫ്രോപ്പതി (എം.എൻ) എന്ന അപൂർവ്വമായ വൃക്കരോഗം തിരിച്ചറിയപ്പെട്ടത്.

ഇവരിൽ മഹാഭൂരിപക്ഷം പേരും തൊലിവെളുക്കാനുള്ള ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചവരായിരുന്നുവെന്നാണ് കണ്ടെത്തൽ. 14 വയസ്സുകാരിയായ പെൺകുട്ടിയിലാണ് ഇത് ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. മരുന്നുകൾ ഫലപ്രദമാകാതെ കുട്ടിയുടെ അവസ്ഥ ഗുരുതരമായി മാറിയ സാഹചര്യത്തിൽ പതിവില്ലാത്തതെന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്ന അന്വേഷണത്തിലേക്ക് എത്തുകയായിരുന്നു ഡോക്ടർമാർ. ഇതോടെ പ്രത്യേക ഫെയർനസ്സ് ക്രീം അടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചതായി മനസ്സിലാക്കി. എന്നാൽ ഇത് രോഗകാരണമെന്ന് ആ സന്ദർഭത്തിൽ ഉറപ്പിച്ചിരുന്നില്ല. ഇതേ സമയത്ത് തന്നെ കുട്ടിയുടെ ബന്ധുവായ മറ്റൊരാൾ കൂടി സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി.

ഇരുവർക്കും അപൂർവ്വമായ നെൽ 1 എം.എൻ പോസിറ്റീവായിരുന്നു. അന്വേഷണത്തിൽ ഈ കുട്ടിയും ഫെയർനസ്സ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു. ഇതിനിടെ 29 വയസ്സുകാരനായ മറ്റൊരു യുവാവ് കൂടി സമാന ലക്ഷണവുമായി വരികയും അന്വേഷണത്തിൽ ഇതേ ഫെയർനസ്സ് ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. ഇതോടെ സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയ മുഴുവൻ രോഗികളേയും വിളിച്ച് റീവിസിറ്റ് നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിൽ എട്ടുപേർ ഫെയർനസ്സ് ഫേസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസ്സിലായി.

ഇതോടെ രോഗികളെയും അവർ ഉപയോഗിച്ച ഫേസ് ക്രീമിനേയും വിശദ പരിശോധനയ്ക്ക് വിധേയമാക്കിയെന്നാണ് കോട്ടക്കൽ ആസ്റ്റർ മിംസിലെ സീനിയർ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും, ഡോ. രഞ്ജിത്ത് നാരായണനും പറയുന്നത്. ഈ പരിശോധയിൽ മെർക്കുറിയുടേയും ഈയ്യത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ 100 മടങ്ങ് അധികമാണെന്നും കണ്ടെത്തി. ഉപയോഗിക്കപ്പെട്ട ഫെയർനസ്സ് ക്രീമുകളിൽ ഇൻഗ്രീഡിയൻസ് സംബന്ധിച്ചോ, നിർമ്മാണം സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ലയെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

അതേ സമയം വിപണിയിൽ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ലാ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം അറിയിച്ചു. സൗന്ദര്യ വർധക ഉൽപന്നങ്ങളിൽ ഇറക്കുമതി, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ, സാധനത്തിന്റെ പേരും വിലാസവും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നിവ സൂക്ഷ്മമായി പരിശോധിക്കണം. വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത് കണ്ടാൽ നടപടി സ്വീകരിക്കുമെന്ന് ജില്ല ഡ്രഗ്‌സ് കൺട്രോൾ വിഭാഗം അറിയിച്ചു.

Advertisement