കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (77) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്നു പരിപാടി അവതരിപ്പിച്ച ആദ്യ വനിതയാണു റംല ബീഗം. ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള ഹുസൈൻ യൂസഫ് യമാന – മറിയംബീവി (കോഴിക്കോട് ഫറോക്ക് പേട്ട) ദമ്പതികളുടെ പത്തുമക്കളിൽ ഇളയ പുത്രിയായി 1946 നവംബർ മൂന്നിനാണു ജനനം.
ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലെ പ്രധാന ഗായികയായി ഹിന്ദി ഗാനങ്ങൾ പാടിയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി.അബ്ദുസലാം മാഷിനെ 18-ാം വയസ്സിൽ വിവാഹം ചെയ്തു. തുടർന്നു കഥാപ്രസംഗം അവതരിപ്പിച്ചു വേദികൾ കീഴടക്കി. 20 ഇസ്‍ലാമിക കഥകൾക്കു പുറമേ കേശവദേവിന്റെ ഓടയിൽനിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ കല്യാണവീടുകളിലും ക്ഷേത്രങ്ങളിലും മറ്റു സ്റ്റേജുകളിലും സ്വദേശത്തും വിദേശത്തും അവതരിപ്പിച്ചു.
അറബിമലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ പ്രണയകാവ്യമായ ഹുസ്നുൽ ജമാൽ ബദറുൽ മുനീർ കഥാപ്രസംഗം പലവേദികളിലും അവതരിപ്പിച്ചു. പതിനായിരത്തിൽപരം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു റെക്കാർഡ് നേടി. 1971 ൽ ഭർത്താവുമൊന്നിച്ച് സിംഗപ്പൂരിൽ കഥാപ്രസംഗം അവതരിപ്പിച്ചതാണു വിദേശത്തെ ആദ്യ വേദി. പിന്നീടങ്ങോട്ട് 2018 വരെ പരിപാടികൾ അവതരിപ്പിച്ചു. 35ൽ പരം ഗ്രാമഫോൺ റിക്കാർഡുകളിലും 500ൽപരം കാസറ്റുകളിലും പാടിയ റംല ബീഗം 300ൽ പരം അംഗീകാരങ്ങളും അവാർഡുകളും ഏറ്റുവാങ്ങിയിട്ടുണ്ട്.
1986 ഡിസംബർ ആറിന് അബ്ദുൽസലാമിന്റെ വിയോഗത്തിനു ശേഷം രണ്ടുവർഷം കഥാപ്രസംഗ ലോകത്തുനിന്നും വിട്ടുനിന്നു. കലാസ്നേഹികളുടെ നിർബന്ധപ്രകാരം വീണ്ടും കലാലോകത്തേക്കിറങ്ങി. കെ.ജെ.യേശുദാസ്, വി.എം.കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ്സ, അസ്സീസ് തായിനേരി, വടകര കൃഷ്ണദാസ്, എം. കുഞ്ഞിമൂസ്സ എന്നിവരുടെ ട്രൂപ്പുകളിലും പുതിയ തലമുറയിലെ കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി, താജുദ്ദീൻ വടകര, കുന്ദമംഗലം സി.കെ. ആലിക്കുട്ടി എന്നിവരുടെ ട്രൂപ്പുകളിലും കലാസാന്നിധ്യം അറിയിച്ചു. സംഗീതനാടക അക്കാദമി അവാർഡ്, കേരള മാപ്പിളകലാ അക്കാദമി അവാർഡ്, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ഫോക്‌ലോർ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.