പത്തനംതിട്ട: പട്ടികവിഭാഗ ഗവേഷണ വിദ്യാർഥികൾക്കുള്ള സർക്കാർ ഫെലോഷിപ് മുടങ്ങിയിട്ട് 11 മാസം. സംസ്ഥാനത്തെ വിവിധ സർവകലാശാല കളിലുള്ള മുന്നൂറ്റിയൻപതിലേറെ വിദ്യാർഥികൾ ഹോസ്റ്റൽ ഫീസിനു പോലും പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ്. കാലിക്കറ്റ് സർവകലാശാലയിൽ മാത്രം 50 പേരുണ്ട്.
ഒരാൾക്കു മാസം 23,250 രൂപ വീതമാണ് പട്ടികജാതി / വർഗ വികസന വകുപ്പ് വഴി ലഭിച്ചിരുന്നത്. തുക വൈകുന്നത് സാങ്കേതികപ്രശ്നം മൂലമാണെന്നാണ് അധികൃതരുടെ വിശദീകരണം. മുൻപ് സംസ്ഥാന സർക്കാർ നേരിട്ട് അനുവദിച്ചിരുന്ന ഇ–ഗ്രാന്റ്സ് തുക ഇപ്പോൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്നാണ് നൽകുന്നത്. മുൻപു കോളജ് ഫീസായും മെസ് ഫീസായും അതതു സ്ഥാപനങ്ങളിലേക്ക് അയച്ചിരുന്ന തുക ഒരുവർഷമായി വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടു നൽകുകയാണ്. ഇതിലെ കാലതാമസമാണ് വിദ്യാർഥികളെ വലയ്ക്കുന്നത്.
കഴിഞ്ഞ മാസം ഒൻപത് വിദ്യാർഥികൾക്കു മാത്രമായി തുക അനുവദിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഒരു വിദ്യാർഥിക്കുകൂടി പിന്നീട് തുകയുടെ നിശ്ചിത ഭാഗം ലഭിച്ചു. ഇതിനെതിരെ സമൂഹമാധ്യമത്തിൽ പ്രതിഷേധവുമായി വിദ്യാർഥിതന്നെ രംഗത്തുവന്നിട്ടുണ്ട്.