‘ഗവർണറുടെ മുന്നിൽ 8 ബിൽ, പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ രീതി; ഇനി സുപ്രീംകോടതിയിലേക്ക്’

Advertisement

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനന്തമായി പിടിച്ചുവച്ചിരിക്കുന്നതു പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത കാര്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമീപനം ഭരണഘടനാ വിരുദ്ധമെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. ഗവർണറുടെ നടപടി കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനു മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തും.

ഗവർണർ എട്ട് ബില്ലുകളിൽ ഒപ്പിടാനുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ബില്ലുകൾ പാസാക്കിയിട്ട് ഒരു വർഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്സിറ്റി ബില്ലാണ്. ഗവർണർ സർവകലാശാല ബില്ലിൽ ഒപ്പുവയ്ക്കാത്തതിനാൽ വിവിധ സർവകലാശാലകളിലെ വിസി നിയമനം സ്തംഭനാവസ്ഥയിലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്. ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനാഭിലാഷം പ്രതിഫലിക്കുന്നതാണ് നിയമസഭ. അവ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാൻ കാലതാമസം ഉണ്ടാകുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് യോജിച്ചതല്ല. ഗവർണർ ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകിയെങ്കിലും ഒപ്പിട്ടില്ല. ഗവർണറുടെ നടപടികൾ ഭരണഘടനാനുസൃതമല്ല. ഗവർണർക്ക് നിയമപരമായി വിയോജിക്കാൻ അവകാശമുണ്ട്. സാധാരണ ബില്ലുകൾപോലും തടഞ്ഞുവയ്ക്കുന്നത് ശരിയല്ല. സർക്കാരിന്റെ ഉപദേശം തേടിയാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇത്തരത്തിൽ ബിൽ പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ രീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിലവിൽ തെലങ്കാന, തമിഴ്നാട് എന്നിവ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സർക്കാരുകൾ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. തെലങ്കാന സർക്കാർ ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സംസ്ഥാന സർക്കാരിനു ചെയ്യാൻ കഴിയില്ല. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻറെ അഭിപ്രായം സർക്കാർ തേടിയിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുന്നതിന് മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിൻറെ സേവനം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ഒരു വിധിയുടെ പേരിൽ നിലപാടെടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

Advertisement