പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട്, സജീവന്‍ കൊല്ലപ്പിള്ളിയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

Advertisement

വയനാട്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ സേവാദള്‍ മുന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ സജീവന്‍ കൊല്ലപ്പിള്ളിയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്‍റ് കെകെ എബ്രഹാമടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുമെന്നാണ് സൂചന.വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സജീവനെതിരായ ഇ ഡിയുടെ കണ്ടെത്തല്‍.

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായ കെകെ എബ്രഹാമിന്‍റെ വിശ്വസ്തനാണ് സജീവന്‍ കൊല്ലപ്പിള്ളി. ക്രമക്കേട് നടന്ന കാലയളവില്‍ ബാങ്കില്‍ ഈ സ്വാധീനം ഉപയോഗിച്ചാണ് സ്വൈരവിഹാരം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വായ്പാക്രമക്കേടില്‍ സജീവന്‍റെ നിര്‍ണായക പങ്കാണ് ഇ ഡി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍ പ്രസിഡന്‍റ് അടക്കമുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചുവരുത്താന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നീക്കം നടത്തുന്നത്.

കഴിഞ്ഞ ജൂണ്‍ 9നാണ് ഇഡി പുല്‍പ്പള്ളി ബാങ്കില്‍ റെയ്ഡ് നടത്തിയത്. ബാങ്ക് ഭരണസമിതി മുന്‍പ്രസിഡന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ കെ എബ്രഹാം, സെക്രട്ടറി രമാദേവി, സജീവന്‍കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പ, നിയമാവലിക്ക് വിരുദ്ധമായി വായ്പ, ഈടു വസ്തുവിന്റെ അസ്സൽ രേഖകൾ ഇല്ലാതെ വായ്പ, ബാങ്കിൻറെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യം കുറഞ്ഞ ഭൂമി ഈടായി വായ്പ തുടങ്ങിയ ക്രമക്കേടുകളാണ് സഹകരണവകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.