കണ്ണിന് കുളിർമയേകി കുട്ടനാടൻ കാഴ്ചകൾ

Advertisement

തിരുവല്ല: ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ പലതും നമ്മുടെ കണ്ണിനും മനസിനും കുളിർമയും സന്താഷവും നൽകുന്നവയാണ്. പ്രത്യേകിച്ച് കുട്ടനാടൻ കാഴ്ചകൾ.
കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ , മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാപ്രദേശമാണ് കുട്ടനാട്. ആലപ്പുഴ , കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്തൃതി 870 ചതുരശ്ര കിലോമീറ്ററാണ്. കുട്ടനാടിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് , കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളിലും, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുമായി ആകെ 79 റവന്യൂ വില്ലേജുകള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കുന്നു.

കുട്ടനാടിന്റെ ഉത്പത്തിയെക്കുറിച്ച് പല കേട്ടുകേള്‍വികളുമുണ്ട്. അതില്‍ മുഖ്യം ചുട്ടനാട് പ്രായേണ കുട്ടനാട് ആയി മാറി എന്നതാണ്. അതായത് ചരിത്രകാലഘട്ടങ്ങളില്‍ നിബിഢവനമായിരുന്ന ഈ പ്രദേശം, കാട്ടുതീ പോലെയുള്ള കാരണങ്ങളാല്‍ ചുട്ടെരിക്കപ്പെട്ടു എന്നും പിന്നീട് ഈ പ്രദേശം സമുദ്രത്താല്‍ ആവൃതമായിപ്പോയി എന്നും കാലാന്തരത്തില്‍ സമുദ്രം പിന്‍വാങ്ങിയപ്പോള്‍ അവശേഷിച്ച പ്രദേശമാണ് ഇന്നുകാണുന്ന കുട്ടനാട് എന്നുമാണ് കുട്ടനാടന്‍ നിലങ്ങളിലെ ഉയര്‍ന്ന ജൈവാംശവും , കുട്ടനാട്ടിലെ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും കരിനിലങ്ങളില്‍ , മണ്ണില്‍ കാണപ്പെടുന്ന കറുത്ത മരങ്ങളുടെ അവശിഷ്ടങ്ങളും ചുട്ടനാടാണ് പിന്നീട് കുട്ടനാട് ആയതെന്ന അറിവിലേക്ക് വിരല്‍ ചൂണ്ടുന്നു.

എന്നാല്‍ , കുട്ടന്റെ നാട് ആണ് കുട്ടനാട് ആയതെന്നാണ്, കുട്ടനാട് എന്ന വാക്കിന്റെ ഉത്പത്തിയെക്കുറിച്ചുള്ള മറ്റൊരു മതം. കുട്ടന്‍ എന്നത് ശ്രീബുദ്ധന്റെ തദ്ദേശീയമായ വിളിപ്പേരാണ് എന്നും കരുമാടിയിലുള്ള കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹത്തിന്റെ സാന്നിദ്ധ്യം ഈ വിശ്വാസത്തെ സാധൂകരിക്കുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

കുട്ടനാടിന്‍റെ കാര്‍ഷികചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടം ആരംഭിച്ചത് തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ ആലപ്പുഴയില്‍ തുറമുഖം നിര്‍മ്മിച്ചതോടുകൂടിയാണ്. പശ്ചിമഘട്ട മേഖലകളില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനങ്ങളുള്‍പ്പെടെയുള്ള കയറ്റുമതി പ്രാധാന്യമുള്ള കാര്‍ഷിക വിളകള്‍ ആലപ്പുഴ തുറമുഖത്ത് എത്തിക്കപ്പെട്ടത് കുട്ടനാടന്‍ ജലാശയങ്ങളിലൂടെയായിരുന്നു. ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമായ നാഞ്ചിനാട് ആയിരുന്നു അതേവരെ തിരുവിതാംകൂറിന്‍റെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്നത്. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന ധാന്യാവശ്യം നിറവേറ്റപ്പെടുന്നതിന് മറ്റൊരു നെല്ലറകൂടി പടുത്തുയര്‍ത്തേണ്ടതുണ്ട് എന്നും അതിന് ഏറ്റവും അനുയോജ്യം ജലസമൃദ്ധവും, ഫലഭൂയിഷ്ഠവുമായ കുട്ടനാടന്‍ പ്രദേശങ്ങളാണ് എന്നുമുള്ള തിരുവിതാംകൂര്‍ ഭരണാധികാരികളുടെ തിരിച്ചറിവാണ് കുട്ടനാടിനെ കേരളത്തിന്റെ നെല്ലറ എന്ന വിളിപ്പേരിന് അര്‍ഹമാക്കിത്തീര്‍ത്തത്.

വേമ്പനാട്ടുകായലില്‍നിന്നും മനുഷ്യാദ്ധ്വാനം മുഖേന പടുത്തുയര്‍ത്തപ്പെട്ടവയാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍. പ്രാദേശിക ഭൂപ്രകൃതിയും ചരിത്രവും അവലംബിച്ചു പറഞ്ഞാല്‍ കുട്ടനാടിനെ പഴയ കുട്ടനാട് അല്ലെങ്കില്‍ അപ്പര്‍ കുട്ടനാട് എന്നും പുതിയ കുട്ടനാട് അല്ലെങ്കില്‍ ലോവര്‍ കുട്ടനാട് എന്നും രണ്ടായി തിരിക്കാം. ഇതില്‍ അപ്പര്‍ കുട്ടനാട് മുഖ്യമായും വേമ്പനാട്ട് കായലില്‍ പതിക്കുന്ന നദികള്‍ നിക്ഷേപിച്ച എക്കലും മണ്ണും അടിഞ്ഞ് രൂപപ്പെട്ടതാണ്. ചില പ്രദേശങ്ങളാകട്ടെ ആഴംകുറഞ്ഞ കായല്‍ ഭാഗങ്ങള്‍ നികത്തി രൂപപ്പെടുത്തിയവയും.
നിത്യേനെ നൂറ് കണക്കിനാളുകളാണ് കുട്ടനാടിൻ്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനായി ഇവിടെ എത്തുന്നത്. ഹൗസ് ബോട്ടുകളിലും, ചെറുവള്ളങ്ങളിലുമായി കുട്ടനാടൻ ജലാശയങ്ങൾ കണ്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്നവരെ കൂടാതെ, കുട്ടനാടിൻ്റെ ദൃശ്യഭംഗി നുകരാനായി പലതരത്തിലുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

Advertisement