തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉന്നതർക്ക് പങ്കെന്ന് ഇഡി. രാഷ്ട്രീയ, പൊലീസ്, ഉദ്യോഗസ്ഥ ലോബിക്ക് പങ്കുണ്ടെന്നാണ് വിശദീകരണം. ഇപ്പോൾ പിടിയിലായവർ ബിനാമികൾ മാത്രമെന്നും ഇഡി വ്യക്തമാക്കുന്നു. അരവിന്ദാക്ഷന്‍, ജില്‍സ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ഗൗരവതരമായ റിപ്പോര്‍ട്ടാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി പ്രത്യേക കോടതി മുന്‍പാകെ സമര്‍പ്പിച്ചത്. തട്ടിപ്പില്‍ ഉന്നത രാഷ്ട്രീയ, പൊലീസ്, ഉദ്യോഗസ്ഥ ലോബിക്ക് പങ്കുണ്ടെന്നും ഇപ്പോൾ പിടിയിലായവർ ബിനാമികൾ മാത്രമെന്നും ഇഡി വ്യക്തമാക്കുന്നു. നിലവില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളേണ്ടതുണ്ടെന്നും ഇഡി പറയുന്നു.
അതേസമയം അരവിന്ദാക്ഷന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇഡി ഇന്ന് കോടതിയില്‍ ഹാജരാക്കി.
അരവിന്ദാക്ഷന്റെ മാതാവിന്‍റെ അക്കൗണ്ടിൽ 63,56,460 രൂപ കണ്ടെത്തി.
എന്നാല്‍ ഇവരുടെ മാസ വരുമാനം 1600 രൂപയുടെ പെൻഷൻ മാത്രമെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. അരവിന്ദാക്ഷനും സതീഷ്കുമാറും ഒരുമിച്ച് വിദേശയാത്ര നടത്തി. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് ദുബായിലേക്കായിരുന്നു യാത്ര. ചാക്കോ എന്നയാൾക്കൊപ്പം രണ്ടു തവണ അല്ലാതെയും വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അരവിന്ദാക്ഷന്‍ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിക്കു വിറ്റെന്നും ഭൂമി വിൽപനയിൽ കൂടുതൽ അന്വേഷണം വേണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു പ്രതി സി കെ ജിൽസ് 11 ഭൂമി ഇടപാടുകള്‍ നടത്തിയെന്ന വിവരവും ഇഡി പുറത്തുവിട്ടു.
അതേസമയം കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി നീക്കം നടത്തുന്നുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ 30ന് കോടതി പരിഗണിക്കും.