കോഴിക്കോട്.കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി പൊലീസ്. കെഎഫ്ഡിസി ഓഫീസ് ആക്രമണത്തില്‍ നാശനഷ്ടം അഞ്ച് ലക്ഷം രൂപയുടേതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. ആക്രമണത്തില്‍ ഓഫീസിലെ രേഖകളടക്കം നശിപ്പിക്കപ്പെട്ടു. ആക്രമണം നടത്തിയ ആറംഗ മാവോയിസ്റ്റ് സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു. സിപി മൊയ്തീൻ, സോമൻ, തമിഴ്നാട് സ്വദേശിയായ വിമല്‍കുമാര്‍, സന്തോഷ്, തൃശൂര്‍ വിയ്യൂര്‍ സ്വദേശി മനോജ് എന്ന ആഷിഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വിയ്യൂര്‍ സ്വദേശിയായ മനോജ് സംഘത്തിന്‍റെ ഭാഗമായത് ഒരു വര്‍ഷത്തിനുള്ളിലാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാര്യവട്ടം യൂണിവേഴ്സിറ്റി സെന്‍ററില്‍ ഫിലോസഫി വിദ്യാര്‍ത്ഥിയായിരിക്കെയാണ് മാവോയിസ്റ്റ് സംഘത്തിലേക്ക് മനോജ് എത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതേ സംഘം ആഴ്ചകള്‍ക്ക് മുമ്പ് കേളകം, ആറളം എന്നിവിടങ്ങളില്‍ എത്തിയിരുന്നു. മാവോയിസ്റ്റ് സംഘത്തിനായി വനമേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.