കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. നാല് പേരും ഡബിൾ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. നെഗറ്റീവായ നാല് രോഗികളെയും മിംസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനുമടക്കമുള്ളവരാണ് രോഗമുക്തരായത്. ഒൻപത് വയസുള്ള കുട്ടി ആറ്ദിവസം വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനായത് വലിയ നേട്ടമാണെന്ന് നിംസ് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തതായും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതോടെ കേരളത്തെ പിടിച്ചുലച്ച നിപബാധയുടെ ആശങ്കയിൽ നിന്ന് കോഴിക്കോട് മുക്തമാകുകയാണ്. ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെൻറ്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധികൾ പിൻവലിച്ച് തുറന്നു. അതേസമയം നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 216 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. നിപ വ്യാപനം തടയാൻ കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിൻവലിച്ചിട്ടുണ്ട്.