മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ നടപടിക്ക് പ്രത്യേക ദൗത്യ സംഘം ,മെക്കിട്ട് കേറിയാൽ ചെറുക്കും, എം എം മണി

Advertisement

ഇടുക്കി. മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിച്ചു. ജില്ല കളക്ടറുടെ നേതൃത്വത്തിൽ ദൗത്യ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ദൗത്യ സംഘത്തിനെതിരായ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അടക്കം കടുത്ത എതിർപ്പിനിടയാണ് റവന്യൂ വകുപ്പിൻറെ ഉത്തരവ്.


മൂന്നാർ മേഖലയിൽ 336 കയ്യേറ്റങ്ങൾ ഉണ്ടെന്ന് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ ദൗത്യസംഘത്തെ സർക്കാർ രൂപീകരിച്ചത്. സിപിഎം അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ കടുത്ത എതിർപ്പിനിടയാണ് നടപടി. മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ എത്തുന്ന ദൗത്യസംഘം ജനങ്ങളുടെ മെക്കിട്ട് കേറാനാണ് ശ്രമമെങ്കിൽ ചെറുക്കുമെന്ന് എം എം മണി പറഞ്ഞു. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്നും എം എം മണി.

വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ദൗത്യസംഘവും ഇടുക്കിയിലെ സിപിഎം നേതൃത്വവുമായി ഉണ്ടായ പ്രശ്നം വളരെ വലുതായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാനും കെട്ടിടം പൊളിപ്പിക്കാനും ഉള്ള ശ്രമം വീണ്ടും നടന്നാൽ 2007 വീണ്ടും ആവർത്തിച്ചേക്കാം. അത്തരം സൂചനകൾ നൽകുന്നതാണ് സിപി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെയും എംഎം മണി എംഎൽഎയുടെയും പ്രതികരണം.

Advertisement