കൊച്ചി.കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി പി എം സംസ്ഥാന സമിതി അംഗം എം കെ കണ്ണനെ
വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ്.ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നും ദേഹാസ്വാസ്ഥ്യം
അനുഭവപ്പെട്ടതിനെ തുടർന്ന് എം കെ കണ്ണനെ വിട്ടയക്കുകയായിരുന്നുവെന്നും ഇ ഡി അറിയിച്ചു.ചോദ്യം ചെയ്യലിന്റെ തുടക്കം മുതൽ വിറയൽ അനുഭവപ്പെടുന്നുവെന്നാണ് എം കെ കണ്ണൻ മറുപടി നൽകിയതെന്നാണ് ഇ ഡി പറയുന്നത്. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഇഡി യുടെ ഒരു ഔദാര്യവും വേണ്ടെന്നും എം കെ കണ്ണൻ പ്രതികരിച്ചു.
കേസിലെ ഒന്നാം പ്രതി പി. സതീഷ്‌കുമാര്‍ എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ വന്‍തുക നിക്ഷേപിച്ചിരുന്നതായാണ് ഇ ഡി കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
എന്നാൽ തുടക്കം മുതൽ ചോദ്യം ചെയ്യലിനോട് നിസ്സഹകരണമായിരുന്നു എം കെ കണ്ണന്റെ നിലപാട്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായും ഇ ഡി വ്യക്തമാക്കി. ഇതോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് മറ്റൊരു ദിവസം വിളിപ്പിക്കാമെന്ന് അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന ഇ ഡി വാദം എം കെ കണ്ണൻ തള്ളി. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എസ്.പി കെ എം ആന്റണി, ഡി.വൈ.എസ്.പി ഫേയ്മസ് വർഗീസ് എന്നിവരും ഇ ഡിയ്ക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. ഇരുവർക്കും സതീഷ് കുമാറുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് 18 കോടി എടുത്തു മുങ്ങിയ അനിൽകുമാറിനെയും ഇ. ഡി ചോദ്യം ചെയ്യുകയാണ്.