ന്യൂഡെല്‍ഹി.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ ആത്മഹത്യ നിരക്കിൽ മുൻ വർഷത്തേക്കാൾ വൻ വർധന . 2021 ൽ ഒന്നര ലക്ഷത്തിലധികം ആത്മഹത്യ മരണമാണ് റിപ്പോർട്ട് ചെയ്തത്.കേരളത്തിലും ആത്മഹത്യ മരണം വർധിച്ചു.നഗരങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് രേഖപ്പെടുത്തിയത് കൊല്ലത്താണ് .
1,64,033 പേരാണ് 2021ൽ രാജ്യത്ത് ആത്മഹത്യ ചെയ്തത്.മുൻവർഷത്തേക്കാൾ 7.2 ശതമാനത്തിന്റെ വർധന.സംസ്ഥാന അടിസ്ഥാനത്തിൽ കണക്കുകൾ പരിശോധിച്ചാൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ.തമിഴ്നാട്, മധ്യപ്രദേശ് ,ബംഗാൾ, കർണാടകയാണ് കണക്കുകളിൽ തൊട്ടുപിന്നിൽ.രാജ്യത്തെ ആത്മഹത്യ മരണങ്ങളിൽ 50 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്.സ്ത്രീകളാണ് ആത്മഹത്യ ചെയ്തവരിൽ അധികവും. പകുതിയിലധികവും വീട്ടമ്മമാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീധന പീഡനമാണ് മരണകാരണമെന്നാണ് എൻസിആർബിയുടെ കണക്ക് ചൂണ്ടിക്കാട്ടുന്നത്.
പ്രണയ ബന്ധങ്ങളിലെ തകര്‍ച്ചയും കുടുംബ പ്രശ്‌നങ്ങളും വിവിധ അസുഖങ്ങളുമാണ് 18 വയസിന് താഴെയുള്ളവരുടെ ആത്മഹത്യക്ക് കാരണമാകുന്നത്.കേരളത്തിൽ 2017ല്‍ 7870 പേര്‍ ആത്മഹത്യ ചെയ്തെങ്കിൽ 2021ൽ അത് 9549 ആയി. അതായത് 21.3 % വർധന. ജനസംഖ്യ അടിസ്ഥാനത്തിൽ ആത്മഹത്യ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്താണ് .ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര പേർ ആത്മഹത്യ ചെയ്യുന്നു എന്ന് കണക്കാക്കിയാണ് ആത്മഹത്യാ നിരക്ക് കണ്ടെത്തുക.അങ്ങനെ പരിശോധിക്കുമ്പോൾ കൊല്ലത്ത് 2021ല്‍ സംഭവിച്ചത് 487 ആത്മഹത്യകളാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. 43.9 ആണ് 2021 ലെ കൊല്ലത്തെ ആത്മഹത്യാ നിരക്ക്.പശ്ചിമ ബംഗാളിലെ അസന്‍സോൾ നഗരമാണ് തൊട്ടുപിന്നില്‍. 38.5 ആണ് അസന്‍സോളിലെ ആത്മഹത്യാ നിരക്ക്.