കൊടിയിറങ്ങിപ്പോയ നറുംചിരിയുടെ ഓര്‍മ്മ

Advertisement

തിരുവനന്തപുരം. തുറന്ന ചിരി നയതന്ത്രവും ആയുധവുമാക്കിയ അപൂര്‍വ വ്യക്തിത്വം, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. സൗമ്യതയും പുഞ്ചിരിയും രാഷ്ട്രീയ നയതന്ത്രമാക്കിയ നേതാവായിരുന്നു കോടിയേരി. ആ ജനനേതാവിന്റെ അസാന്നിധ്യം പാർട്ടിക്കും സർക്കാരിനും എത്ര അപരിഹാര്യമായ വിടവാണ് സൃഷ്ടിച്ചതെന്ന് തെളിയിക്കുന്ന ഒരു വർഷം കൂടിയാണ് കടന്നു പോയത്.

സിപിഎമ്മും, സർക്കാരും, പൊതുജനങ്ങളും അനുഭവിച്ചറിയുന്ന അസാന്നിധ്യത്തിന് കൂടിയാണ് ഒരാണ്ട് തികയുന്നത്. പാർട്ടിയെന്നോ സർക്കാരെന്നോ മുന്നണിയെന്നോ ഭേദമില്ലാതെ പ്രതിസന്ധിയും വിവാദങ്ങളും കടുത്തപ്പോഴൊക്കെ കോടിയേരി ബാലകൃഷ്ണന്റെ നയതന്ത്ര മികവ് പ്രകടമായി. തുടർഭരണത്തിന് പാർട്ടിയെയും മുന്നണിയെയും പ്രാപ്തമാക്കാനുള്ള രസതന്ത്രം അനായാസം വഴങ്ങി. തുടരെയുള്ള വിവാദങ്ങൾ പൊള്ളിക്കുന്ന കാലത്ത് പാർട്ടിയും അണികളും ആ അസാന്നിധ്യത്തിൻ്റെ ആഴം തിരിച്ചറിയുന്നുണ്ട്.

ചുവപ്പ് കോട്ടയായ കണ്ണൂരിൽ വെറും 36വയസില്ലാണ്ആ ചിരി കൊടിയിറങ്ങ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. പി ബി അംഗം, ആഭ്യന്തരമന്ത്രി, സംസ്ഥാന സെക്രട്ടറി പിന്നീട് പടികൾ ഒന്നായി ചവിട്ടിക്കയറി. നിറഞ്ഞ ചിരി എക്കാലവും മുദ്രാവാക്യമാക്കി. പാർട്ടിയിൽ, നിയമസഭയിൽ, മുന്നണിയിൽ എത്ര രാഷ്ട്രീയ നീക്കങ്ങളുടെ സംവിധായകനായി കോടിയേരി. സെക്രട്ടറി പദവിയിൽ പാർട്ടിക്കും സർക്കാരിനുമിടയിലെ റോൾ എപ്പോഴും ഭംഗിയാക്കി. പോലീസിൽ ശ്രദ്ധേയമായ പരിഷ്കാരങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രി. പിണറായിക്കൊപ്പം പാർട്ടിയുടെ ഔദ്യോഗിക ശ്രംഖലയെ ഇളക്കമില്ലാതെ കാത്ത മിടുക്ക്. സൗമ്യമായും ആധികാരികമായും ആർജ്ജവത്തോടെ രാഷ്ട്രീയം പറഞ്ഞ കമ്മ്യൂണിസ്റ്റ്. ഏതു പ്രതിസന്ധിയെയും ചിരിയോടെ ആത്മവിശ്വാസത്തോടെ നേരിട്ട കോടിയേരി, കുടുംബം ചെന്നുപെട്ട വിവാദങ്ങളിൽ മാത്രമാണ് ഉലഞ്ഞത്. കൊടിയിറങ്ങിപ്പോയ ചിരിയുടെ ഓര്‍മ്മകളിലാണ് കൊടിയേരിയെ ഇഷ്ടപ്പെട്ടിരുന്നവരിന്ന്.