വെള്ളക്കെട്ടെന്ന് കരുതി കാർ എടുത്തത് പുഴയിലേക്ക്; ജന്മദിനാഘോഷം കഴിഞ്ഞുള്ള മടക്കം അന്ത്യയാത്രയായി!

Advertisement

കൊച്ചി: എറണാകുളത്തു രണ്ടു യുവ ഡോക്ടർമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ട് എടുത്തതാണെന്ന് പ്രദേശവാസികൾ. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് അജ്മൽ (27), കൊല്ലം പാലത്തറ തുണ്ടിൽ അദ്വൈത് (28) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.

ഇരുവരും സഹപാഠികളും ഉറ്റസുഹൃത്തുക്കളുമാണ്. ഞായറാഴ്ച പുലർച്ചെ 12.30ന് ഗോതുരുത്ത് കടൽവാതുരുത്തിൽ പെരിയാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. മൂന്നു ‍ഡോക്ടർമാരും ഒരു മെയിൽ നഴ്സും ഒരു മെഡിക്കൽ വിദ്യാർഥിനിയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഡോ.ഖാസിക്, മെയിൽ നഴ്സായ ജിസ്മോൻ, മെഡിക്കൽ വിദ്യാർഥിനിയായ തമന്ന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഡോ.അദ്വൈതിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് എറണാകുളത്തുനിന്നു കൊടുങ്ങല്ലൂരിലേക്കു മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. കൊച്ചിയിൽനിന്നു വടക്കൻപറവൂർ വഴി പൂത്തകുന്നം വന്നാണ് കൊടുങ്ങല്ലൂരിലേക്കു പോകുന്നത്. അപകട സ്ഥലത്തു നിന്ന് അരകിലോമീറ്റർ മുൻപായി ഒരു ജംക്‌ഷൻ ഉണ്ട്. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞാണ് കൊടുങ്ങല്ലൂരിലേക്കു പോകേണ്ടത്. എന്നാൽ ഇടത്തേക്ക് ഗൂഗിൾ മാപ്പ് ദിശകാണിക്കുകയായിരുന്നു. മഴപെയ്തതിനെ തുടർന്നുണ്ടായ വെള്ളക്കെട്ടാണ് കരുതിയാണ് പുഴയിലേക്ക് കാർ എടുത്തതെന്ന് അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ നാട്ടുകാരോട് പറഞ്ഞു.

‘‘അമിതവേഗത്തിൽ എത്തിയ കാർ പുഴയിലേക്ക് ചാടി. ഇതുകണ്ടുകൊണ്ടുനിന്ന അബ്ദുൾ ഹക്ക് എന്ന പരിസരവാസി സുഹൃത്തുക്കളെ ഫോണിൽ വിവരമറിയിച്ചു. ശക്തമായ മഴയായതിനാൽ ആദ്യഘട്ടത്തിൽ എന്ത് ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. പിന്നീട് ഉടൻ തന്നെ കയർ സംഘടിപ്പിച്ച് ഹക്കിന്റെ അരയിൽകെട്ടി പുഴയിലേക്ക് എടുത്തുചാടി. ആദ്യം കൂട്ടത്തിലുണ്ടായിരുന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് രണ്ടുപേരെ കൂടി രക്ഷപ്പെടുത്തി. മരിച്ച രണ്ടുപേർ ഒഴുക്കിൽപ്പെട്ട് ദൂരേയ്ക്കു പോയതിനാൽ ചാടാനോ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല. കാറിന് വേഗത കൂടുതലായതിനാൽ ബ്രേക്ക് പിടിച്ചപ്പോൾ കിട്ടികാണില്ല. നേരെപോയി വേള്ളത്തിൽ വീണതാകാം.’’– പരിസരവാസികൾ പറഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഇപ്പോൾ ബാരിക്കേഡ് സ്ഥാപിച്ചു.

അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൂന്നരയോടെയാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട മൂന്നു പേരെ ക്രാഫ്റ്റ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

Advertisement