ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

Advertisement

തിരുവനന്തപുരം.ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വെളിച്ചത്തായത് വ്യാപക ക്രമക്കേടുകൾ. 70 ഔട്ലെറ്റുകളിൽ മദ്യം വിറ്റ തുകയും കൗണ്ടറിലെ തുകയും തമ്മിൽ വ്യത്യാസമുണ്ടെന്നു കണ്ടെത്തി. പ്രത്യേക ബ്രാന്റുകൾ മാത്രം വിൽക്കുന്ന ചില ഔട്ട്‌ലെറ്റുകൾ
ഉണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു.

ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിലാണ് ഇന്നലെ വൈകിട്ട് മുതൽ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് പരിശോധന
നടത്തിയത്. യഥാർത്ഥ വിലയേക്കാൾ കൂടിയ തുകയ്ക്ക് മദ്യം വിൽക്കുന്നു, ബില്ല് നൽകുന്നില്ല തുടങ്ങിയ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 70 ഔട്ട്‌ലെറ്റുകളിൽ മദ്യം വിറ്റ കണക്കും കൗണ്ടറിലെ തുകയും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തി. കൂടുതൽ തുകയും കുറഞ്ഞ തുകയും കണ്ടെത്തിയ കൗണ്ടറുകൾ ഉണ്ട്.പ്രത്യേക ബ്രാന്റുകളുടെ വിൽപ്പന കൂട്ടാൻ ചില ഔട്ട്ലെറ്റുകളിൽ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തി. മദ്യത്തിന്റെ സ്റ്റോക്ക് വിവരം പല ഔട്ട്‌ലെറ്റുകളിലും പ്രദർശിപ്പിക്കുന്നില്ല.പൊട്ടിയ ഇനത്തിൽ വ്യാപകമായി മദ്യം മാറ്റുന്നു.ഇങ്ങനെ മാറ്റിയ കുപ്പികൾ പരിശോധിച്ചപ്പോൾ കേടുപാടില്ലെന്നും കണ്ടെത്തി. ചില ഔട്ലെറ്റുകളിലെ സ്റ്റോക്കുകളിൽ മദ്യം കുറവുണ്ടെന്നും തെളിഞ്ഞു. ബെവ്കോ ഉദ്യോഗസ്ഥരെ മദ്യകമ്പനികൾ സ്വാധീനിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിൽ അന്വേഷിക്കും.