വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2023 ഒക്ടോബർ 02 തിങ്കൾ

BREAKING NEWS

👉 രാജ്യം ഗാന്ധിസ്മരണയിൽ;ഇന്ന് മഹാത്മാഗാന്ധിയുടെ
154 -ാമത് ജന്മദിനം

👉 പത്തനംതിട്ട ,ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്;കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

👉സുരേഷ് ഗോപി
നയിക്കുന്ന സഹകരണ പദയാത്ര ഇന്ന് തൃശൂരിൽ

👉 നിയമനത്തിന് കോഴ: പരാതിയിൽ ഉറച്ച് നില്ക്കുന്നുവെന്ന് ഹരിദാസൻ;

👉 പ്രധാനമന്ത്രി ഇന്ന് 2 സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും

👉 ഇറാഖിലെ ഖുർദിഷ് മേഘലയിൽ വ്യോമാക്രമണം നടത്തി തുർക്കി

🌴 കേരളീയം 🌴

🙏ഇന്നു ഗാന്ധിജയന്തി. സര്‍ക്കാരിന്റേയും വിവിധ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ ശുചീകരണ വാരത്തിനു തുടക്കം. വിവിധ സംഘടനകളുടെ നേതൃത്തില്‍ സെമിനാറുകളും അനുസ്മരണ പരിപാടികളും നടക്കും.

🙏കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴു വികസന പദ്ധതികള്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

🙏ഡോക്ടര്‍ നിയമനത്തിനു കോഴ വാങ്ങിയെന്ന ആരോപണക്കേസില്‍ തട്ടിപ്പു നടത്തിയവര്‍ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസമുണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാഷണല്‍ ആയുര്‍ മിഷന്റെ പേരിലും വ്യാജ ഇ മെയില്‍ വിലാസമുണ്ടാക്കി വ്യാജരേഖകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

🙏കേരളത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരു നിലപാടും അതിര്‍ത്തി കടന്നാല്‍ വേറെ നിലപാടുമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🙏ഒരു വര്‍ഷത്തിനിടെ പലപ്പോഴായി കോടിയേരിയെ ഓര്‍ത്തുപോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ചരമവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം സിപിഎം അനുസ്മരണ പരിപാടികള്‍ നടത്തി.

🙏കേരളത്തിലെ മാധ്യമങ്ങളുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്സഭ ഇലക്ഷന്‍ ലക്ഷ്യം വച്ച് അതുവരെയുള്ള ദിവസങ്ങളില്‍ കൊടുക്കേണ്ട തലക്കെട്ടുകള്‍ മാധ്യമങ്ങള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമം.

🙏മലപ്പുറം സൗത്ത് പല്ലാര്‍ പാലത്തുംകുണ്ട് വെള്ളക്കെട്ടില്‍ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. ബന്ധുവീട്ടിലേക്കു വിരുന്നിനു വന്ന വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹമാന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ ആണു മരിച്ചത്.

🙏എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ ജനതാദള്‍ എസ് കേരള ഘടകം പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയോട് അതൃപ്തി അറിയിച്ചു. ബിജെപിയുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ കേരള ഘടകം തയാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.

🙏കണ്ണൂര്‍ ആറളം ഫാമിന് 53 കോടി ചെലവിട്ട് 10 കിലോമീറ്റര്‍ മതില്‍ നിര്‍മിക്കുന്നു. കാട്ടാന ശല്യത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ആറളം സ്വദേശികള്‍.

🙏കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മണ്ണിടിച്ചില്‍. വേട്ടേക്കോട് – ഒടുവങ്ങാട് റോഡിലാണു മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശത്തെ എട്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

🇳🇪 ദേശീയം 🇳🇪

🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍നിന്നും ഇന്ത്യാ സഖ്യത്തില്‍നിന്നും അകലം പാലിക്കുമെന്ന് ബിഎസ്പി നേതാവും ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ മായാവതി.

🙏തമിഴ്നാട്ടില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്നു മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

🙏മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കുക്കി സംഘടനകള്‍ അനിശ്ചിതകാല അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം അടച്ചിടണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ അതിര്‍ത്തികളും അടയ്ക്കും.

🇦🇽 അന്തർദേശീയം 🇦🇺

🙏ലഷ്‌കര്‍ തയിബ ഭീകരന്‍ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ വെടിയേറ്റു മരിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫ്സി സയിദിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ്. ആരാണു വെടിവച്ചു കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല.

🙏ബംഗ്ലാദേശില്‍ സിനിമാ താരങ്ങള്‍ പങ്കെടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കൂട്ടത്തല്ല്. ബംഗ്ലാദേശിലെ താരങ്ങളും സിനിമാ സംവിധായകരുമാണ് മല്‍സരിച്ച് തമ്മിലടിച്ചത്. സംവിധായകരായ മുസ്തഫ കമാല്‍ രാജിന്റെയും ദീപാങ്കര്‍ ദിപോണിന്റെയും ടീമുകള്‍ തമ്മിലാണ് ധാക്കയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം നടത്തിയത്.

🏏 ⚽ കായികം🏸 🥍

,
🙏ജംഷഡ്പുര്‍ എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചായായ രണ്ടാം വിജയം. 74-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി വിജയ ഗോള്‍ നേടിയത്.

🙏ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ കലാശപ്പോരില്‍ ചൈനയോട് പരാജയപ്പെടുകയായിരുന്നു.

🙏 ഏഷ്യൻ ഗെയിംസിൽ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെയും ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. മലയാളി താരങ്ങളായ എം.ശ്രീശങ്കര്‍ പുരുഷ ലോങ്ജംപില്‍ വെള്ളിയും ജിന്‍സണ്‍ ജോണ്‍സണ്‍ പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ വെങ്കലവും നേടി.

🙏 ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററില്‍ വെള്ളി മെഡല്‍ ഇന്ത്യയുടെ അജയ് കുമാര്‍ സരോജിനാണ്. വനിതകളുടെ 1500 മീറ്ററില്‍ ഹര്‍മിലാന്‍ ബെയ്ന്‍സും വെള്ളി നേടി. ഇതോടെ 13 സ്വര്‍ണവും 21 വെള്ളിയും 19 വെങ്കലവുമടക്കം 53 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി.

Advertisement