പണം നഷ്ടപ്പെട്ടവരെ സമീപിച്ച് കെപിസിസി; ‘2 ദിവസത്തിനകം പരിഹാരം, സർക്കാരിനെ സമീപിക്കരുത്’

Advertisement

തിരുവനന്തപുരം; കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന 13 കോടിയുടെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരെ സമീപിച്ച് കെപിസിസി. രണ്ടുദിവസത്തിനകം പരിഹാരം കാണാമെന്നും അതുവരെ പരാതിയുമായി സർക്കാരിനെ സമീപിക്കരുതെന്നുമാണ് ആവശ്യം. പണം കിട്ടുമെങ്കിൽ രണ്ടുദിവസം കാത്തിരിക്കാമെന്നാണു നിക്ഷേപകരുടെ നിലപാട്.

പണം തിരികെ തരണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച നിക്ഷേപകർ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണു പ്രതിഷേധിച്ചത്. 300 നിക്ഷേപകർക്കായി 13 കോടി നഷ്ടമായെന്നാണു പരാതി. സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചെന്നും ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണു നിക്ഷേപം നടത്തിയതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ മൂന്നു മണിക്കൂറിലധികം ശിവകുമാറിന്റെ വീടിനു മുന്നിൽ പ്രതിഷേധമുണ്ടായി.

സൊസൈറ്റിയുമായി നേരിട്ടു ബന്ധമില്ലെന്നായിരുന്നു ശിവകുമാർ പറഞ്ഞത്. 2006ൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ഉദ്ഘാടനം നടത്തിയിട്ടുണ്ട്. ഉദ്ഘാടനം ചെയ്തവരുടെ വീട്ടിൽ അല്ല പ്രതിഷേധിക്കേണ്ടത്. ആരോടും പണം നിക്ഷേപിക്കാൻ പറഞ്ഞിട്ടില്ല. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനുമായി ഇപ്പോൾ ബന്ധമില്ലെന്നുമായിരുന്നു ശിവകുമാർ പറഞ്ഞത്.