നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണം: ശശി തരൂർ

Advertisement

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കണമെന്നു ശശി തരൂർ എംപി. കെ.കരുണാകരനാണു നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും കെപിസിസി ആസ്ഥാനത്തു നടന്ന കരുണാകരൻ സെന്റർ മന്ദിര നിർ‌മാണ പ്രവർത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു സംസാരിക്കവേ തരൂർ പറഞ്ഞു.

‘‘രാജ്യത്തെ 80 ശതമാനം എയർപോർട്ടുകളുടെയും പേരുകൾ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കുന്നതിൽ മടിക്കണ്ടതില്ല. ആദ്യമായി ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച വ്യക്തിയാണു കരുണാകരൻ. തിരുവനന്തപുരത്തു വരുമ്പോൾ എല്ലാ മാസവും ഊണിനായോ സംസാരിക്കാനായോ അദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. പല ഉപദേശങ്ങളും തന്നിരുന്നു. എന്റെ ആദ്യത്തെ കൺവൻഷൻ ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു. നിലവിൽ സംസ്ഥാനം ഭരിക്കുന്നവർ എയർപോർട്ടിനെ എതിർത്തവരാണ്. അവരിപ്പോൾ അതിൽ സഞ്ചരിച്ച് ആസ്വദിക്കുന്നു’’– ശശി തരൂർ പറഞ്ഞു.

Advertisement