തിരുവനന്തപുരം: നിയമന തട്ടിപ്പുകേസിൽ അഖിൽ സജീവും ലെനിൻ രാജും പ്രതികളാകും. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി. ഹരിദാസനിൽനിന്ന് ലെനിൻ 50,000 രൂപയും അഖിൽ 25,000 രൂപയും തട്ടിയെടുത്തു. ബാസിതിനെ പ്രതിചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഇരുവരും പണം വാങ്ങിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് നൽകും.
അഖിൽ സജീവും ഹരിദാസും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിയമനം ശരിയാക്കുമെന്നാണ് അഖിൽ പറഞ്ഞത്. ഹരിദാസാണു സംഭാഷണം പുറത്തുവിട്ടത്.
അഖിൽ സജീവ് മാർച്ച് 10നാണു മലപ്പുറത്തെത്തി നിതയുടെ ഭർതൃപിതാവ് ഹരിദാസനെ കാണുന്നത്. മകന്റെ ഭാര്യ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ചോദ്യമെന്നാണു വെളിപ്പെടുത്തൽ. നാഷനൽ ആയുഷ് മിഷനിലേക്ക് അയച്ച അപേക്ഷയെക്കുറിച്ച് അറിയാമെങ്കിൽ അദ്ദേഹം അധികാരകേന്ദ്രങ്ങളിൽ അടുത്ത ബന്ധമുള്ളയാളാണെന്നു ഹരിദാസൻ ഉറപ്പിച്ചു. സിപിഎം നേതാവും സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമാണെന്നും അഖിൽ സജീവ് പരിചയപ്പെടുത്തി. മന്ത്രി വീണാ ജോർജിന്റെ ജില്ലയിൽനിന്നുള്ള സിപിഎമ്മുകാരനായതിനാൽ അഖിൽ സജീവിനു ആരോഗ്യ വകുപ്പിൽ നല്ല സ്വാധീനം കാണുമെന്ന് ഉറപ്പിച്ചുവെന്നാണ് ഹരിദാസന്റെ പരാതിയിൽ പറയുന്നത്. തുടർന്നാണ് പണമിടപാടുകൾ നടന്നത്.