നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, കൊച്ചിയിൽ 7 മാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ കണ്ടത് എൽഇഡി ബൾബ്

Advertisement

കൊച്ചി: നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിക്കും ചികിത്സ തേടിയെത്തിയ എഴുമാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് ഒന്നര സെൻറി മീറ്ററോളം വലുപ്പമുള്ള എൽഇഡി ബൾബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കൾ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുന്നത്.

മരുന്നുകൾ കഴിച്ചിട്ടും ബുദ്ധിമുട്ടുകൾ കുറയാതെ വന്നതോടെ എക്സ് റേ പരിശോധനയിലാണ് ശ്വാസകോശത്തിൽ അന്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രക്ഷിതാക്കൾ കൊച്ചി അമൃത ആശുപത്രിയിലെത്തുകയായിരുന്നു. ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിന്റെ താഴെ ഇരുമ്പ് പോലുള്ള വസ്തു തറച്ച് നിൽക്കുന്നതായി കണ്ടെത്തിയത്. രക്തവും മറ്റും മറച്ച നിലയിലായിരുന്നതിനാൽ ഇത് എൽഇഡി ബൾബ് ആണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പുറത്തെടുത്ത് പരിശോധിക്കുമ്പോഴാണ് ശ്വാസകോശത്തിൽ കുടുങ്ങിയത് എൽഇഡി ബള്‌‍ബാണെന്ന് വ്യക്തമാവുന്നത്.

ഒന്നര സെന്റി മീറ്ററോളം നീളമുള്ള ചുവന്ന നിറത്തിലുള്ള എൽഇഡി ബൾബാണ് പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മെഡിക്കൽ പ്രൊസീജ്യർ ചെയ്തത്. അനസ്തീഷ്യ വിഭാഗത്തിസെ ഡോ. തുഷാര, ഡോ. ശ്രീരാജ് എന്നിവർ സംഘത്തിനൊപ്പമുണ്ടായിരുന്നു. കുട്ടികൾ കളിപ്പാട്ടങ്ങളിലേയും മറ്റും ചെറിയ വസ്തുക്കൾ അകത്ത് ചെന്ന നിലയിൽ ചികിത്സയിൽ എത്താറുണ്ടെങ്കിലും ഇത്തരമൊരു അവസ്ഥയിൽ ഏഴ് മാസം പ്രായമുള്ള കുട്ടി ചികിത്സാ സഹായം തേടിയെത്തുന്നത് ആദ്യമായാണ് എന്നാണ് ഡോ. ടിങ്കു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്.

വിപണിയിൽ ലഭ്യമായിട്ടുള്ള പല കളിപ്പാട്ടങ്ങളിലും എൽഇഡി ബൾബ് പോലുള്ളവ ഇപ്പോൾ സാധാരണയായി കാണാറുണ്ട്. ഇവ കുട്ടികൾ അശ്രദ്ധമായി ഉപയോഗിക്കുമ്പോൾ ഇത്തരം അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർ വിശദമാക്കുന്നു. ശ്വാസകോശത്തിന് ഉള്ളിലേക്ക് കടന്നതിലാണ് വലിയ അപകടം ഒഴിവായതെന്നും ഡോക്ടർ പറയുന്നത്. ശ്വാസ നാളിയിലോ മറ്റോ എൽഇഡി ബൾബ് കുടുങ്ങിയിരുന്നുവെങ്കിൽ ശ്വാസ തടസം നേരിട്ട് ജീവഹാനിക്ക് വരെയുള്ള സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. കുട്ടികൾക്ക് ഇത്തരം വസ്തുക്കൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുന്നതും ഇത്തരം വസ്തുക്കളുടെ ഉപയോഗ പൂർണമായും മുതിർന്നവരുടെ മേൽനോട്ടത്തിലാവണം എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

Advertisement