അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

Advertisement

തൃശൂർ: മലയാള ചലച്ചിത്ര ഗാനരചയിതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്.

അന്തരിച്ച നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കച്ചക്കേടെ ചുള കണക്കിന് തുടങ്ങി കലാഭവൻ മണി പാടി ജനപ്രിയമാക്കിയ നിരവധി പാട്ടുകളുടെ രചന ഇദ്ദേഹമായിരുന്നു.

സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്റെ’, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിലെ വെങ്കിടങ്ങിൽ നടുവത്ത് ശങ്കരൻ- കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചായിരുന്നു തുടക്കം.

ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ഏനാമാവിൽ.

Advertisement