ലോക്സഭാ തെരഞ്ഞെടുപ്പ് പോരിന് വടകരയിൽ മത്സരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മത്സരിക്കണമെന്ന് ഹൈക്കമാൻഡ് കർശനമായി നിർദേശിച്ചതോടെയാണ് മുരളീധരൻ സമ്മതം അറിയിച്ചത്. താൻ മത്സരിക്കാനില്ലെന്ന തരത്തിൽ മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചിരുന്നു
നിലവിലുള്ള എംപിമാരെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം. ഇതിൽ വടകരയിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കണ്ണൂരിലുമാണ് സ്ഥാനാർഥിയെ കണ്ടെത്തേണ്ടിയിരുന്നത്. മുരളി സമ്മതം അറിയിച്ചതോടെ വടകരയിലെ പ്രതിസന്ധി ഒഴിവായി
കെപിസിസി പ്രസിഡന്റ് ആയതിനാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുധാകരൻ. കെപിസിസി ജനറൽ സെക്രട്ടറിയും വിശ്വസ്തനുമായ കെ ജയന്തിനെ സ്ഥാനാർഥിയാക്കാനാണ് സുധാകരന് താത്പര്യം. പാർട്ടിയിൽ എതിർപ്പില്ലെങ്കിൽ ജയന്തിന് തന്നെ നറുക്ക് വീഴും