‘പാർട്ടി ചൂണ്ടിക്കാട്ടിയത് ഞാൻ ഏറ്റെടുക്കുന്നു’: തട്ടം വിവാദത്തിൽ വിശദീകരിച്ച് അനിൽകുമാർ

Advertisement

കോട്ടയം: ‘തട്ടം’ വിവാദത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ. വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ വിശദീകരണം തന്റെ നിലപാടാണെന്നും പാർട്ടിയുടെ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും അനിൽകുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽനിന്നു വ്യത്യസ്തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമർശങ്ങളും ഉണ്ടാകേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന. ഇതിനെതിരെ മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

കെ.അനിൽകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം:

പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കും. എസ്സൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരു വിഷയത്തോട് ഞാൻ നടത്തിയ മറുപടിയിൽ പാർടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം എന്റെ നിലപാടാണ്. കേവല യുക്തിവാദത്തിനെതിരെയും ഫാഷിസ്റ്റ് – തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരെയും അണിനിരത്തേണ്ട സമരത്തിൽ ഒരുമിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും. പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു.

അഡ്വ.കെ.അനിൽകുമാർ.

Advertisement