തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നെയ്യാറിലും കരമനയാറിലും കേന്ദ്ര ജല കമ്മീഷൻ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ ഇന്നലെ ലഭിച്ചത് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം എയർപോർട്ടിൽ 112.4mm മഴ ലഭിച്ചു. കഴിഞ്ഞ നാല് ദിവസം കൊണ്ട് തിരുവനന്തപുരത്ത് ലഭിച്ചത് 344% അധിക മഴ.
വിതുര പൊന്നാം ചുണ്ട്പാലത്തിൽ നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കിട്ടി.
തിരുവനന്തപുരത്ത് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
സംസ്ഥാനത്ത് കാലവർഷം പൊതുവെ ദുർബലമായതായാണ് വിലയിരുത്തൽ.
ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. സംസ്ഥാനത്ത് അങ്ങിങ്ങായി സാധാരണ മഴയ്ക്കാണ് സാധ്യത.മലയോര മേഖലയിൽ ജാഗ്രത തുടരണം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലയിൽയിലും ഇടി / മിന്നലോടു കൂടിയ മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല..
തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ ഇന്നലെ അതിശക്തമായ മഴയാണ് പെയ്തിറങ്ങിയത്. മലയോര മേഖലയിൽ ശക്തമായ മഴയും ലഭിച്ചു.
തിരുവനന്തപുരം എയർപോർട്ട് 112.4mm,
നെയ്യാറ്റിൻകര 65 mm,തിരുവനന്തപുരം സിറ്റി 70mm,അരുവിക്കര 12.5 mm,നെയ്യാർഡാം 20mm, പൊന്മുടി 16.4 mm എന്നിങ്ങനെ മഴ ലഭിച്ചു. ഒക്ടോബർ ഒന്ന് മുതൽ ഇന്ന് രാവിലെ വരെ തിരുവനന്തപുരത്ത് പെയ്തത് 130. 6mm മഴ.ലഭിക്കേണ്ടത് 29.4mm മഴയും. ലഭിക്കേണ്ടതിനേക്കാൾ 344% അധിക മഴ തിരുവനന്തപുരത്ത് ലഭിച്ചു. നെയ്യാറിലെ അരുവിപ്പുറത്ത് നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച് അലർട്ടും; കരമനയാറ്റിലെ വെള്ളൈകടവ് മഞ്ഞ അലർട്ടും കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചു. വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ടെങ്കിലും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊപ്പം സ്വദേശി സോമൻ്റെ മൃതദേഹം കണ്ടെത്തി.ചെറ്റച്ചൽ മുതിയാൻപാറ കടവിൽ നിന്നും സ്ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.അപകട സ്ഥലത്ത് നിന്ന് അഞ്ച് കിലോ മീറ്റർ താഴെ ഈറ്റകൾക്ക് ഇടയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.