എം.എം.മണിയുടെ വിവാദ പരാമർശം, സ്ഥലം മാറ്റം; പ്രതിഷേധവുമായി ഉദ്യോഗസ്ഥർ

Advertisement

നെടുങ്കണ്ടം: എം.എം.മണി എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തി. കേരളാ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷന്റെ (കെഎഎംവിഐഎ)‌ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫിസുകളിൽ നിന്നും തപാൽ വഴി എം.എം.മണിക്ക് വിയോജന കുറിപ്പുകൾ അയയ്ക്കും.

സംഭവത്തിന്റെ പേരിൽ നെടുങ്കണ്ടത്തെ മൂന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി. എന്നാൽ സ്ഥലം മാറ്റം വകുപ്പ് തലത്തിലുള്ള ജനറൽ ട്രാൻസഫറിന്റെ ഭാഗമാണെന്നും ഇതിനു വിവാദവുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത് സെപ്റ്റംബർ 26നു ആയിരുന്നെന്നും ഉദ്യോഗസ്ഥർ വിശദമാക്കി. അതേസമയം, സിഐടിയുവിന്റെ നേതൃത്വത്തിൽ എം.എം.മണിക്ക് അനുകൂലമായി നെടുങ്കണ്ടത്ത് പ്രകടനം നടത്തി.

സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ നെടുങ്കണ്ടം ആർടി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യവെയായിരുന്നു എ.എം.മണിയുടെ പരാമർശം. ‘‘സർക്കാരും പിണറായി വിജയനും പറഞ്ഞിട്ടാണു പിഴയീടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജോലിയിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്കു നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ നാവ് ചവിട്ടിക്കൂട്ടും’’– എം.എം.മണി പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെ നിങ്ങൾക്കു കൈകാര്യം ചെയ്യാമെന്നും അങ്ങനെ ചെയ്താൽ താൻ ഒപ്പം ഉണ്ടാവുമെന്നും പ്രതിഷേധത്തിനെത്തിയ സിഐടിയു പ്രവർത്തകരോടു മണി പറഞ്ഞിരുന്നു.