തട്ടം പരാമർശം: തിരുത്തൽ കൊണ്ട് മാത്രം തീരുന്ന വിഷയമല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Advertisement

മലപ്പുറം:
സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാറിന്റെ തട്ടം പ്രസ്താവന തിരുത്തൽ കൊണ്ട് മാത്രം തീരുന്ന വിഷയമല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തിൽ അവർക്ക് തെറ്റ് വന്നു എന്നത് തന്നെ അതിശയകരമാണ്. തിരുത്തേണ്ട സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു. ഇത്തരമൊരു സമീപനം സിപിഎമ്മിന് എങ്ങനെയുണ്ടായെന്ന് വിശദീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

സിപിഎം കൂടി ഭാഗമായ ഇന്ത്യ മുന്നണിയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണിത്. വിശ്വാസം, ഭക്ഷണം, സംസ്‌കാരം, വസ്ത്രധാരണം എന്നിവയെല്ലാം ഓരോരുത്തരുടെയും താത്പര്യമാണ്. ഈ വിഷയത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് കർണാടകയിൽ കോൺഗ്രസ് വിജയിച്ചത്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വസ്ത്രധാരണ രീതി മാറ്റാനായത് വിപ്ലവമാണെന്ന് പറഞ്ഞത് അതിശയകരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Advertisement