ഹോട്ടല്‍ മുറിയില്‍ ജ്യോത്സ്യനെ മയക്കി കിടത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശിനി ആന്‍സിയാണ് പൊലീസിന്റെ പിടിയിലായത്. യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
സെപ്റ്റംബര്‍ 24-ന് ഇടപ്പള്ളിയിലെ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊല്ലം സ്വദേശിയായ ജ്യോത്സ്യനെ സാമൂഹികമാധ്യമത്തിലൂടെയാണ് ആന്‍സി പരിചയപ്പെട്ടത്. പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ജ്യോത്സ്യനോട് വിവരങ്ങള്‍ തിരക്കിയ യുവതി, തന്ത്രപൂര്‍വം സൗഹൃദം സ്ഥാപിച്ചെടുത്തു. തുടര്‍ന്നാണ് ജ്യോത്സ്യനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്
യുവതിയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെത്തിയ ജ്യോത്സ്യനെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ച് യുവതി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി മോഷണം നടത്തിയെന്നാണ് പരാതി.
ജ്യോത്സ്യന്റെ കൈവശമുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവുമാണ് യുവതി മോഷ്ടിച്ചത്. സ്വര്‍ണവും പണവും കൈക്കലാക്കിയതിന് ശേഷം യുവതി ഹോട്ടലില്‍ നിന്ന് കടന്നു കളയുകയായിരുന്നു. അബോധാവസ്ഥയിലാരുന്ന ജ്യോത്സ്യനെ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടെത്തിയത്.