വില്ലേജ് ഓഫീസിൽ റെക്കോഡ് ബുക്കുകളിൽ നിറയെ 500 നോട്ടുകൾ; ‘ഐഡിയ കൊള്ളാം പക്ഷേ’ തിരുവനന്തപുരം വിജിലൻസ് പൊക്കി

Advertisement

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. പരിശോധനക്കിടെ പഴയ റെക്കോർഡ് ബുക്കുകളിൽ സംശയം തോന്നിയതോടെയാണ് വില്ലേജ് ഓഫീസിലെ കള്ളക്കളി വെളിച്ചത്തുവന്നത്.

പഴയ റെക്കോർഡ് ബുക്കുകൾ പരിശോധിച്ച വിജിലൻസ് സംഘത്തിന് നിരവധി റെക്കോർഡ് ബുക്കുകൾക്ക് അകത്ത് നിന്ന് 500 ൻറെ നോട്ടുകൾ കിട്ടി. വെള്ളറട വില്ലേജ് ഓഫീസിലെ മൊത്തം റെക്കോർഡ് ബുക്കുകളിൽ നിന്നായി കണക്കിൽപ്പെടാത്ത 10000 രൂപ പിടിച്ചെടുത്തെന്നാണ് വിജിലൻസ് സംഘം അറിയിച്ചത്.

സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ രണ്ട് യൂണിറ്റാണ് പരിശോധന നടത്തിയത്. പഴയ റിക്കോർഡുകൾക്കിടയിലാണ് പണം സൂക്ഷിച്ചിരുന്നതെന്ന് വിജിലൻസ് ആൻറികറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ടീം പറഞ്ഞു. ഡി വൈ എസ് പി അനിൽകുമാറിൻറെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സജി മോഹനൻ, സതീഷ്, രാജേഷ്, വിജിത്ത്, ഷബ്‌ന, പ്രേം ലാൽ എന്നിവരാണ് പരിശോധന നടത്തിയ വിജിലൻസ് ആൻറികറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 സംഘത്തിലുണ്ടായിരുന്നത്.