ഫെയ്സ്ബുക് വഴി പരിചയം, യുവജ്യോത്സ്യനെ മയക്കി 13 പവൻ കവർന്നു; യുവതി അറസ്റ്റിൽ‌

Advertisement

കൊച്ചി: യുവജോത്സ്യനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തി ശീതളപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തൃശൂർ മണ്ണൂത്തി സ്വദേശി അൻസി (26) ആണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ടു മറ്റൊരാൾകൂടി പിടിയിലാകാനുണ്ട്.

ഫെയ്സ്‌ബുക് വഴി പരിചയപ്പെട്ട് യുവജോത്സ്യനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയാണു 13 പവൻ ആഭരണങ്ങളും ഫോണും കവർന്നത്. കഴിഞ്ഞ 24ന് ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിലായിരുന്നു സംഭവം. ‘ആതിര’ എന്ന ഫെയ്‌സ്‌ബുക് അക്കൗണ്ടിൽനിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനായ യുവാവിനോടു പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ യുവതി ചുരുങ്ങിയ സമയം കൊണ്ടുതന്നെ അടുത്ത സൗഹൃദം സ്ഥാപിച്ചു. യുവതി ആവശ്യപ്പെട്ടതുപ്രകാരം സ്വന്തം കാറിൽ കലൂരിലെത്തിയ ജോത്സ്യൻ ആതിരയുമായി കണ്ടുമുട്ടി. തന്റെ അടുത്ത സുഹൃത്തായ അരുൺ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്കു പോകാമെന്നും പറഞ്ഞാണു ജോത്സ്യനെ ഇടപ്പള്ളിയിലെത്തിച്ചത്. തുടർന്നാണ് ഹോട്ടലിൽ മുറിയെടുത്തത്. ജോത്സ്യനും ആതിരയും ദമ്പതികളാണെന്നു പറഞ്ഞാണു മുറിയെടുത്തതെന്നു പൊലീസ് പറയുന്നത്.

മുറിയിൽ വച്ചു പായസം നൽകിയെങ്കിലും ജോത്സ്യൻ കഴിച്ചില്ല. ഇതിനു ശേഷം യുവതി ലഹരിപാനീയം നൽകി മയക്കുകയായിരുന്നു. ജോത്സ്യന്റെ 5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് കവർന്നത്. ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് ഉണർത്തണമെന്നും റിസപ്‌ഷനിസ്റ്റിനോട് ആവശ്യപ്പെട്ടശേഷം യുവതി സ്ഥലംവിട്ടു. വൈകിട്ട് ഹോട്ടൽ ജീവനക്കാർ റൂമിലെത്തിയപ്പോഴാണു ജോത്സ്യനെ അബോധാവസ്ഥയിൽ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. എളമക്കര പൊലീസ് ഇൻസ്പെക്ടർ എസ്.ആർ.സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്ഐമാരായ എയിൻ ബാബു, സജീവ് കുമാർ, മുഹമ്മദ്‌ ബഷീർ, എഎസ്ഐ ലാലു ജോസഫ്, അനിൽ എസ്‌സിപിഒ പ്രഭലാൽ, ഗിരീഷ്, അനീഷ്, രാജേഷ് എന്നിവരുണ്ടായിരുന്നു.