തിരുവനന്തപുരം .കെ.എസ്.ഇ.ബി 465 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിലൂടെ ഇതുവരെ നഷ്ടം 600 കോടി രൂപ കടക്കുന്നു. ഓരോ ദിവസവും മൂന്നു കോടി മുതല്‍ 7 കോടി രൂപ വരെയാണ് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ചത്. കരാര്‍ പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും പഴയ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കമ്പനികള്‍ തയാറാകുമോ എന്നതില്‍ വ്യക്തതയില്ലാത്തത് ആശങ്കയായി.
2041 വരെയുള്ള ദീര്‍ഘകാല കരാര്‍ റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത് 2023 മേയ് 10നാണ്. എന്നാല്‍ സംസ്ഥാനത്തെ ഗുരുതര വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് പുതിയ കരാറുണ്ടാക്കുന്നതുവരെ പഴയ കരാര്‍ കുറച്ചു ദീവസത്തേക്ക് നീട്ടിയെങ്കിലും വൈദ്യുതി നല്‍കാന്‍ കമ്പനികള്‍ തയാറായില്ല. തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ഉയര്‍ന്ന നിരക്കിലാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിയത്. ഉത്തരേന്ത്യയിലുള്‍പ്പെടെ കടുത്ത വൈദ്യുതി ക്ഷാമം നിലനില്‍ക്കുന്ന കാലമായതിനാല്‍ യൂണിറ്റിന് 10 മുതല്‍ 14 രൂപ വരെയായിരുന്നു വില. ഈ വിലയ്ക്കാണ് കെ.എസ്.ഇ.ബി 500 മെഗാവാട്ട് ഓരോ ദിവസവും വാങ്ങിയത്. ഇതിനായി ശരാശരി ഒരു ദിവസം മൂന്നര കോടി രൂപയാണ് ബോര്‍ഡ് ചെലവഴിച്ചത്. 2022-23 ല്‍ വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ചെലവഴിച്ചത് 11240 കോടിയായിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കിയതിലൂടെ, ഈ വര്‍ഷം വൈദ്യുതി വാങ്ങാന്‍ ചെലവഴിക്കുന്ന തുക ഉയരും. കരാര്‍ പുന:സ്ഥാപിച്ചാലും പഴയ നിരക്കില്‍ കമ്പനികള്‍ വൈദ്യുതി നല്‍കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാധ്യമവാര്‍ത്തയിയൂടെയാണ് പുറത്തറിഞ്ഞത്. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഇക്കാര്യത്തില്‍ ക്രമക്കേടുണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കരാര്‍ റദ്ദാക്കിയത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.