മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

Advertisement

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു.

1985 ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ‌ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.

1937 ഏപ്രിൽ 22 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിലായി. ധാരാളം തൊഴിലാളിസമരങ്ങൾക്കു നേതൃത്വം നൽകിയ ആനന്ദൻ പലവട്ടം ജയിൽ‌വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയിൽമോചിതനായത്.

ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജനറൽ‌ സെക്രട്ടറി, 1972 മുതൽ കയർ വർക്കേഴ്‌സ് സെന്റർ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 12 വർഷം കയർഫെഡിന്റെ പ്രസിഡന്റായിരുന്നു. കയർ ബോർഡ് വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. സിപിഎം പാർട്ടി സെക്രട്ടേറിയറ്റിലെ ആദ്യ തിരുവനന്തപുരം ജില്ലക്കാരൻ കൂടിയാണ് അദ്ദേഹം.

1987 ൽ ആറ്റിങ്ങലിൽനിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ൽ വീണ്ടും മൽസരിച്ചെങ്കിലും 316 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ടി. ശരത്‌ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ൽ ആറ്റിങ്ങലിൽത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ൽ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതൽ 2011 വരെ ചീഫ് വിപ്പായിരുന്നു.

കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്കാരം, കയർ മില്ലനിയം പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, സി.കേശവൻ സ്മാരക പുരസ്കാരം, എൻ.ശ്രീകണ്ഠൻ‌ നായർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.