ആലപ്പുഴ: ചേർത്തല ചാരമംഗലം സ്നേഹനിലയത്തിൽ കാണാം ഉണ്ണികുട്ടനും അരുമയായ ശങ്കരനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ആഴവും പരപ്പും. പോത്ത് ഭീതി നാട്ടിൽ നടമാടുന്ന സമയത്ത് ഇതിന് വിപരീതമായി ഒരു വ്യത്യസ്ത കാഴ്ചക്കാണ് ഈ വീട് സാക്ഷിയാകുന്നത്.
വിദ്യാർത്ഥിയും വളർത്ത് മൃഗമായ പോത്തും(ശങ്കരൻ) തമ്മിലുള്ള ആഴത്തിലുള്ള വ്യത്യസ്തമായ സ്നേഹബന്ധത്തിന്റെ കഥ നാട്ടിലും പാട്ടാണ്. ഉണ്ണിക്കുട്ടന്റെ പോത്ത് സ്നേഹം തിരിച്ചറിഞ്ഞ എറണാകുളത്തെ വനിതകളുടെ ഫേസ്ബുക്ക് കൂട്ടായ്മ 67,000 രൂപ ചെലവിൽ നിർമിച്ച ശങ്കരൻ വില്ല എന്ന തൊഴുത്തിന്റെ പ്രവേശനോത്സവം ഗംഭീരമായിട്ടായിരുന്നു നാടാഘോഷിച്ചത്.
നാല് സെൻറിലെ കൊച്ചു വീടിനോട് ചേർന്നുള്ള പ്ലാവിന്റെ ചുവട്ടിലാണ് ശങ്കരനെ കെട്ടിയിരുന്നത്. മഴ പെയ്താൽ നനയും. വെള്ളത്തിൽ കിടക്കുന്ന ശങ്കരനെ കാണുമ്പോൾ ഉണ്ണിക്കുട്ടൻ കരയും. ഉണ്ണിയുടെയും ശങ്കരന്റെയും സ്നേഹകഥ യൂ ട്യൂബ് ചാനലുകളിൽ വന്നിരുന്നു. അത് കണ്ടാണ് വനിതാ കൂട്ടായ്മ തൊഴുത്ത് നിർമ്മിക്കാൻ മുന്നോട്ടു വന്നത്. സ്ഥലം കുറവായതിനാൽ വല്യച്ഛന്റെ പറമ്പിലേക്ക് ഇറക്കിയാണ് തൊഴുത്ത് പണിതത്. ശങ്കരന് കിടക്കാൻ പറ്റുന്ന തരത്തിൽ വെളിച്ചവുമുണ്ട്. ഇനി ഫാനും ശങ്കരൻ വില്ല എന്ന ബോർഡും വെക്കാനുള്ള ശ്രമത്തിലാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിയുടെ അച്ഛൻ അനിൽകുമാർ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അമ്മൂമ്മ തങ്കമ്മയും സഹോദരി ആവണിയും ഒപ്പമുണ്ട്.
ഉണ്ണിക്കുട്ടൻ ഇടയ്ക്കൊക്കെ തന്റെ പ്രിയമിത്രം ശങ്കരനെ വാഹനമാക്കി നാട്ടിൽ സഞ്ചാരിക്കുന്നത് പതിവാണ്. ഒരിക്കൽ ഈ യാത്ര കൃഷി മന്ത്രി പി പ്രസാദ് കാണാനിടയായി. യാത്ര നേരിട്ടു കണ്ട് കൗതുകം തോന്നിയ മന്ത്രി തന്റെ ഫോൺ ക്യാമറയിൽ അത് ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഉണ്ണിക്കുട്ടന്റെ ഭവനത്തിലെത്തി സഹജീവി സ്നേഹവും കാർഷിക ബോധവും നില നിർത്തുന്നതിൽ അഭിനന്ദിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. നേരം പുലരുമ്പോൾ തന്നെ ശങ്കരന് ആദ്യം കാണേണ്ടത് ഉണ്ണിക്കുട്ടനെയാണ്. ഒരു ദിവസം പോലും അവനെ പിരിഞ്ഞിരിക്കാൻ ശങ്കരനാകില്ല. കഞ്ഞി വീണ് പൊള്ളലേറ്റ് ഉണ്ണിക്കുട്ടൻ ആശുപത്രിയിലായപ്പോൾ ശങ്കരൻ ഒന്നും കഴിക്കാതെയായി. ഉണ്ണിക്കുട്ടനെ കാണാതെ അവൻ കരച്ചിലായി. അന്നാണ് ആ മിണ്ടാപ്രാണിക്ക് ഉണ്ണിക്കുട്ടൻ എത്ര ജീവനാണ് എന്ന് എല്ലാവരും തിരിച്ചറിയുന്നത്.
സംഭവം വൈറലായതോടെ ഉണ്ണിക്കുട്ടനെ സ്കൂളിൽ ഒരു പേര് വീണു- ‘പോത്ത് കുട്ടി’. ആ വിളി ഉണ്ണിക്കുട്ടനും ഇഷ്ടമായി. ശങ്കരനെ കാണാൻ നിരവധി ആളുകളാണ് ഉണ്ണിക്കുട്ടന്റെ വീട്ടിലെത്തുന്നത്. കുടുംബശ്രീയിൽ നിന്ന് പതിനായിരം രൂപ വായ്പയെടുത്താണ് അമ്മ സിന്ധു ഒന്നരവർഷം മുമ്പ് പോത്തുകുട്ടിയെ വാങ്ങിയത്. വളർത്തുമൃഗങ്ങളോടുള്ള ഇഷ്ടം കാരണം മറ്റൊരു വീട്ടിലെ പോത്തിനെ പരിചരിക്കാൻ ഉണ്ണി പോകുമായിരുന്നു. അതിനെ കശാപ്പുകാരന് കൊടുത്തപ്പോൾ സഹിക്കാനായില്ല. അങ്ങനെയാണ് സ്വന്തമായൊരു പോത്തിനെ വേണമെന്നാഗ്രഹിച്ചത്. വാങ്ങുമ്പോൾ മൂന്ന് മാസമായിരുന്നു പ്രായം. ഉണ്ണിക്കുട്ടനാണ് ശങ്കരനെന്ന് പേരിട്ടത്. സിന്ധുവിനോടും ശങ്കരന് അടുപ്പമാണ്.
ശാന്തസ്വഭാവവും ലക്ഷണങ്ങളുമൊത്ത ശങ്കരനുവേണ്ടി പലരും മോഹവിലയുമായി മുന്നോട്ട് വന്നു. എന്നാൽ അവരോടെല്ലാം ഉണ്ണിക്കുട്ടൻ പറ്റില്ലെന്ന മറുപടിയാണ് നൽകിയത്. ഏറെ സാമ്പത്തിക പരാധിനതകളുള്ള കുടുബമായിട്ട് പോലും ശങ്കരനാണ് തന്റെ ഏറ്റവും വലിയ സ്വത്തെന്ന് ഉണ്ണിക്കുട്ടൻ വിശ്വസിക്കുന്നു. അവരുടെ സ്നേഹം കണ്ട് ഇപ്പോഴാരും വിലപറയാൻ പോലും മടിക്കുന്നു. ശങ്കരനെ ഒരിക്കലും വിൽക്കില്ലെന്ന് ഉണ്ണിക്കുട്ടൻ ഉറപ്പിച്ച് പറയുന്നു. സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല എന്ന് തെളിയിക്കുകയാണ് ഉണ്ണിക്കുട്ടനും ശങ്കരനും. സഹജീവികളെ സ്നേഹിക്കാൻ മറന്നു പോകുന്നവർക്ക് ഇവർ ഒരു പാഠപുസ്തകമാണ്.
ഉണ്ണിക്കുട്ടന് ഇനി ഒരൊറ്റ ആഗ്രഹമാണുള്ളത്, നടൻ സുരേഷ് ഗോപിയെ ഒന്ന് കാണണം. ശങ്കരനൊപ്പം നിർത്തി ഒരു ഫോട്ടോയെടുക്കണം. ശങ്കരനും ഉണ്ണിക്കുട്ടനും തമ്മിലുള്ള സൗഹൃദം ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരും തമ്മിലുള്ള ഇടമുറിയാത്ത ആത്മബന്ധമാണ് ഇതിന് പിന്നിൽ. ഉണ്ണിക്കുട്ടനെ കണ്ടില്ലെങ്കിൽ ശങ്കരൻ കരച്ചിൽ തുടങ്ങും. ഉണ്ണിക്കുട്ടന്റെ നേർക്ക് ആരെങ്കിലും വന്നാലോ ശങ്കരൻ ഇടയും. ശങ്കരാ, എന്ന് ഉണ്ണിക്കുട്ടൻ വിളിച്ചാൽ അവൻ ഓടിയെത്തും. ഒരു പോത്ത് എങ്ങനെയാണ് മനുഷ്യരോട് ഇത്ര ഇണങ്ങുക എന്നായി നാട്ടുകാരുടെ സംശയം. അങ്ങനെ ശങ്കരനും ഉണ്ണിക്കുട്ടനും നാട്ടിലെ സംസാര വിഷയമായി. പാൽത്തു ജാൻവർ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ് ശങ്കരനെ കാണാനെത്തി. ശങ്കരനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവനെയും ചിത്രത്തിൽ ഉൾപ്പെടുത്തുമായിരുന്നു എന്നാണ് ബേസിൽ ഉണ്ണിക്കുട്ടനോട് പറഞ്ഞത്.