‘ആ സ്വർണക്കടത്തിലെ 2 പ്രതികൾ ബാലഭാസ്കറിന്റെ സഹായികൾ; ഇവർക്ക് അപകടത്തിൽ പങ്കുണ്ടോ?’

Advertisement

തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണത്തിൽ ദുരൂഹതയില്ലെന്നു സിബിഐ അടക്കം മൂന്ന് ഏജൻസികൾ കണ്ടെത്തിയതിനാൽ, പുനരന്വേഷണത്തിൽ ദുരൂഹത തെളിയിക്കാൻ സിബിഐക്കു പുതിയ കണ്ടെത്തലുകൾ വേണ്ടിവരും. കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി തുടരന്വേഷണത്തിനു നിർദ്ദേശിച്ച സാഹചര്യത്തിലാണ്, സിബിഐ പുതിയ കണ്ടെത്തലുകൾ നടത്തേണ്ടി വരിക.

അമിതവേഗമാണ് അപകട കാരണമെന്ന് ആദ്യം കേസന്വേഷിച്ച മംഗലപുരം പൊലീസ്, തുടർന്ന് അന്വേഷിച്ച ക്രൈംബ്രാഞ്ച്, അവസാനം അന്വേഷിച്ച സിബിഐ എന്നിവർ കണ്ടെത്തിയിരുന്നു. അപകടത്തിനു പിന്നിൽ ദുരൂഹതയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ അപകടത്തിനു പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളും ഗൂഢാലോചനയും സംശയിച്ചാണു ബാലഭാസ്കറിന്റെ അച്ഛൻ കെ.സി.ഉണ്ണി പുനരന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശത്തെ തുടർന്നു സിബിഐ സംഘം കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുടുംബത്തിനു സംശയമുള്ള സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള കാര്യങ്ങൾ വീണ്ടും പരിശോധിക്കും.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബർ 25നു പുലർച്ചെയാണു ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പ്രതികളായതോടെ അപകടത്തെക്കുറിച്ചു ബന്ധുക്കൾക്കു സംശയമായി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുന്റെ ക്രിമിനൽ പശ്ചാത്തലം സംശയങ്ങൾ വർധിപ്പിച്ചു. മംഗലപുരം പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പിക്കു കൈമാറി. അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ 2019 മേയിൽ 25 കിലോ സ്വർണവുമായി തിരുമല സ്വദേശി സുനിൽകുമാർ (45), കഴക്കൂട്ടം സ്വദേശി സെറീന (42) എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തതോടെ കേസിൽ വീണ്ടും വഴിത്തിരിവായി. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണുവും കേസിൽ പ്രതികളായി. ബാലഭാസ്കറിന്റെ അപകട മരണത്തിൽ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബന്ധമുണ്ടെന്നു വിശ്വസിക്കുന്നതായി കെ.സി. ഉണ്ണി ആരോപണം ഉന്നയിച്ചു.

കുടുംബത്തിന്റെ നിവേദനം ലഭിച്ചതിനെ തുടർന്ന് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ബാലഭാസ്കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അപകടത്തിൽ ദുരൂഹതയില്ലെന്നാണാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. വാഹനം അമിതവേഗതയിലായിരുന്നെന്നു തെളിയിക്കുന്ന രേഖകൾ മോട്ടർ വാഹന വകുപ്പിൽ നിന്നു ക്രൈംബ്രാഞ്ച് ശേഖരിച്ചു. ചാലക്കുടിയിൽ മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ കാർ തെളിയുമ്പോൾ മണിക്കൂറിൽ 94 കിലോമീറ്ററായിരുന്നു വേഗം.

അപകടസ്ഥലത്തു ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി അതുവഴി കടന്നുപോയ കലാഭവൻ സോബി മാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ചതോടെ വീണ്ടും വിവാദമുയർന്നു. സോബിയുടെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തില്ലെന്ന ആരോപണമുന്നയിച്ചാണു ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന ആരോപണവും ഉണ്ടായി.

കുടുംബത്തിന്റെ ആവശ്യപ്രകാരം 2019 ഡിസംബറിൽ കേസ് സർക്കാർ സിബിഐയ്ക്ക് വിട്ടു. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ 2020 ജൂലൈയിൽ കേസ് സിബിഐ ഏറ്റെടുത്തു. ബാലഭാസ്കറിന്റെ മുൻ മാനേജർ അടക്കമുള്ളവർ വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസും അപകടത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യവും സിബിഐ പരിശോധിച്ചു. ദുരൂഹതയില്ലെന്നായിരുന്നു സിബിഐയുടെയും കണ്ടെത്തൽ.

പിതാവ് ഉണ്ണി ഉന്നയിക്കുന്ന സംശയങ്ങൾ

തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ അന്ത്യത്തിലെ അപകടത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്നു തുടക്കം മുതൽ തന്നെ ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി ആരോപിച്ചിരുന്നു. ലോക്കൽ പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും സിബിഐയോടും ഇക്കാര്യങ്ങൾ പലതവണ പറഞ്ഞിട്ടും മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും ഉണ്ണി ആരോപിക്കുന്നു.

∙ കാർ ഓടിച്ചതു താനാണെന്ന് ആദ്യം അർജുൻ സമ്മതിച്ചിരുന്നു. കാർ ഓടിച്ചത് അയാൾ തന്നെയെന്ന് അർജുന്റെ പരുക്കിന്റെ സ്വഭാവം വിലയിരുത്തി ഡോക്ടറും പറഞ്ഞു. ആര് ഇടപെട്ടിട്ടാണു പിന്നീട് അർജുൻ മൊഴിമാറ്റിയത്? എന്തിനു വേണ്ടിയായിരുന്നു ഇത്? ആരുടെയെങ്കിലും സമ്മർദം ഇല്ലാതെ മൊഴി മാറ്റുമോ?

∙ സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ രണ്ട് പേർ ബാലഭാസ്കറിന്റെ സഹായികളായിരുന്നു. ഇവർക്ക് അപകടത്തിൽ പങ്കുണ്ടോ? ഇതേക്കുറിച്ച് ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിക്കാത്തത് എന്തുകൊണ്ട്?

∙ പാലക്കാട്ടെ ദമ്പതികൾക്കു പണം നൽകിയിട്ടുണ്ടെന്നു ബാലഭാസ്കർ പലവട്ടം തന്നോടു സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ഇതും അപകടവും തമ്മിൽ ബന്ധമുണ്ടോ? രേഖയിലുള്ളതിനെക്കാൾ പണമിടപാട് ഇവർ തമ്മിൽ നടന്നിട്ടുണ്ടോ? ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കാത്തത് എന്തുകൊണ്ട്?

∙ വഴിപാടു കഴിഞ്ഞു തൃശൂരിൽ താമസിക്കാനായി ബാലഭാസ്കർ മുറി ബുക്ക് ചെയ്തിരുന്നു. പക്ഷേ അന്നു രാത്രി തന്നെ ബാലഭാസ്കർ തിരുവനന്തപുരത്തേക്കു യാത്ര പുറപ്പെട്ടു. ഇതു സംശയകരമാണ്. ആരെങ്കിലും നിർദേശിച്ചിട്ടാണോ മുൻകൂട്ടിയുള്ള തീരുമാനം മാറ്റി രാത്രി തന്നെ യാത്ര ചെയ്യാൻ ബാലഭാസ്കർ തീരുമാനിച്ചത്?

∙ ഞങ്ങളുമായി അൽപം അകൽച്ചയിലായിരുന്ന ബാലഭാസ്കർ അടുത്തിടപഴകി തുടങ്ങിയപ്പോഴാണ് അപകടം. ഇതിൽ ദുരൂഹതയുണ്ട്.

Advertisement