തിരുവനന്തപുരം: ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദവേളകളിൽ മദ്യം വിതരണം ചെയ്യുന്നതിനു ചട്ടങ്ങൾ രൂപീകരിക്കുന്ന നടപടികൾ എക്സൈസ് ആരംഭിച്ചു. 2022ലെ മദ്യനയത്തിൽ ഐടി പാർക്കിൽ മദ്യവിതരണത്തിന് തീരുമാനമെടുത്തെങ്കിലും പലവിധ കാരണങ്ങളാൽ ചട്ടങ്ങൾ രൂപീകരിക്കുന്നത് നീളുകയായിരുന്നു. രണ്ടു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഐടി പാർക്കിലെ മദ്യവിതരണ കേന്ദ്രത്തിൽ പുറത്തുനിന്ന് ആളുകൾക്കു പ്രവേശനം ഉണ്ടാകില്ലെന്ന് കരട് ചട്ടത്തിലുണ്ട്. ബവ്റിജസ് കോർപറേഷനിൽനിന്ന് ഐടി ഡെവലപേഴ്സിനും കോ ഡെവലപേഴ്സിനും മദ്യം വാങ്ങാം. മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ ലൈസൻസ് നൽകും. രാവിലെ 11 മുതൽ രാത്രി 11 വരെ മദ്യശാലകൾക്കു പ്രവർത്തിക്കാം. ലൈസൻസ് ലഭിക്കാൻ നിശ്ചിത വാർഷക വിറ്റുവരവ് വേണമെന്നില്ല. എഫ്എൽ 4 സി എന്നു വിനോദകേന്ദ്രത്തിലെ ബോർഡിൽ രേഖപ്പെടുത്തണം. പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം.
ലൈസൻസ് ഫീസ് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനായിരുന്നു നേരത്തെയുള്ള ശുപാർശ. ഐടി പാർക്കിലെ ജീവനക്കാരുടെയും കമ്പനികളുടെയും എണ്ണം പരിഗണിച്ചായിരിക്കും മദ്യശാല അനുവദിക്കുക. പ്രധാന ഐടി പാർക്കുകളിൽ മാത്രം മദ്യശാല അനുവദിക്കും. ഐടി കമ്പനികൾക്കെല്ലാം മദ്യശാല അനുവദിച്ചാൽ പാർക്കുകളിൽ അനേകം മദ്യശാലകളുണ്ടാകുമെന്നു നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടിക്കാട്ടിയിരുന്നു. കരട് ചട്ടങ്ങൾ സബ്ജക്ട് കമ്മിറ്റി പരിശോധിച്ചശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. ഇതിനുശേഷം വിജ്ഞാപനം പുറത്തിറങ്ങും.