അരലക്ഷം പേരുടെ സെക്രട്ടേറിയറ്റ് ഉപരോധം, കുറ്റവിചാരണ, സഹകാരിസംഗമം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയു.ഡി.എഫ്.

Advertisement

തിരുവനന്തപുരം: ഇടത് സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ്. തീരുമാനിച്ചു. ഒക്ടോബർ 18-ന് അരലക്ഷംപേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധിക്കും. റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ ഒക്ടോബർ 16-ന് സഹകാരിസംഗമം നടത്താനും ഇന്ന് ചേർന്ന യു.ഡി.എഫ്. യോഗം തീരുമാനിച്ചതായി കൺവീനർ എം എം ഹസൻ പറഞ്ഞു.

വിലക്കയറ്റം, കർഷകരോടുള്ള അവഗണന, അഴിമതി ആരോപണങ്ങൾ, ക്രമസമാധാനനില തകർച്ച, സർക്കാരിന്റെ ദുർഭരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഒക്ടോബർ 18-ന് സെക്രട്ടേറിയറ്റ് ഉപരോധം. ഇതിന്റെ ഭാഗമായി ഒക്ടോബർ 10 മുതൽ 15 വരെ പഞ്ചായത്തുതല പദയാത്രകൾ നടത്തും. കൊച്ചിയിലാണ് സഹകാരി സംഗമം.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിയോജകമണ്ഡല സന്ദർശനത്തിന്റെ തൊട്ടുപിന്നാലെ സർക്കാരിനെതിരെ കുറ്റവിചാരണ നടത്തിയുള്ള ജനകീയ സദസ്സ് സംഘടിപ്പിക്കും. സർക്കാരിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കും. തകരുന്ന കേരളത്തിന്റെ യഥാർഥ ചിത്രം അവതരിപ്പിക്കുന്നതായിരിക്കും പ്രതിഷേധം. കേരളീയം പോലുള്ള പരിപാടികളുടെ പൊള്ളത്തരം ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്നും എം.എം. ഹസൻ പറഞ്ഞു. നവംബർ ആദ്യവാരം യുഡിഎഫ് സംസ്ഥാന ഏകോപനസമിതി ചേർന്ന് കുറ്റവിചാരണ ജനസദസ്സിലെ പരിപാടികൾക്ക് അന്തിമരൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.