നിയമന തട്ടിപ്പു കേസിൽ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരാക്കും

Advertisement

നിയമന തട്ടിപ്പു കേസിൽ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ടിനൊപ്പം ഏഴ് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിക്കും. പത്തനംതിട്ട സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിയമന തട്ടിപ്പിന് പിന്നിൽ കോഴിക്കോട്ടെ ആറം​ഗ സംഘമാണെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലിൽ അഖിൽ പൊലീസിന് മൊഴി നൽകിയിരുന്നു. തട്ടിപ്പു നടത്തിയത് എഐവൈഎഫ് നേതാവായിരുന്ന അഡ്വ. ബാസിത്, റഫീസ്, ലെനിൻ രാജ്, ശ്രീരൂപ് എന്നിവരാണ് പിന്നിലെന്നും ഇയാളുടെ മൊഴിയുണ്ട്. കേസിൽ നാലം​ഗ സംഘത്തേയും പ്രതി ചേർത്തേക്കും. സംഘം സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നു. തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതും ഈ സംഘമാണെന്നു സംശയമുണ്ട്.
ലക്ഷങ്ങളാണ് അഖിലിന്റെ ബാങ്ക് അക്കൗണ്ട് വഴി മറിഞ്ഞതെന്നാണ് റിപ്പോർട്ട്. സ്പൈസസ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി ബന്ധമുണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു. കേസിൽ യുവമോർച്ച നേതാവ് രാജേഷ് എന്നയാളെ പൊലീസ് പ്രതി ചേർത്തു. സ്പൈസസ് ബോർഡ് നിയമനത്തിനു അഖിൽ പണം നൽകിയത് രാജേഷിന്റെ ‌അക്കൗണ്ടിലേക്കാണ് എന്നാണ് പുറത്തു വരുന്നത്. അഖിൽ സജീവും രാജേഷും ബിസിനസ് പങ്കാളികളാണെന്നു റിപ്പോർട്ടുണ്ട്. ഇന്നലെ തോനിയിൽ നിന്നാണ് അഖിലെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Advertisement