വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 07 ശനി

BREAKING NEWS

 ഏഷ്യൻ ഗെയിംസ്: വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോല്പിച്ച് ഇന്ത്യ സ്വർണ്ണം നേടി.ഇതോടെ മെഡൽ നേട്ടം 100 ആയി

   2000 രൂപയുടെ നോട്ടുകൾ ബാങ്ക്കൾ വഴി മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന്

കോൺഗ്രസ് ബി ജെ പി പോസ്റ്റർ യുദ്ധം; പ്രധാനമന്ത്രിയെ താറടിക്കാനുള്ള ശ്രമമെന്ന് ബിജെപി.

  ദില്ലി മദ്യനയക്കേസ്; സഞ്ജയ് സിംഗിൻ്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. 3 സുഹൃത്തുക്കൾക്കും ഹാജരാകാൻ നോട്ടീസ്

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ്: കുറ്റക്കാരുടെ സ്വത്തുക്കൾ കണ്ട് കെട്ടണമെന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ ജി.സുധാകരൻ

  തിരുവനന്തപുരം പാറോട്ട് കോണത്ത് പൈപ്പ് ലൈൻ പൊട്ടി വീടുകളിൽ വെള്ളം കയറി.റോഡിൽ വലിയ കുഴി ഇടവക്കോട് കരിം റോഡിൽ ഗതാഗതം തടസപ്പെട്ടു.

 മലപ്പുറം വട്ടപ്പാറയിൽ പുലർച്ചെ നാലിന് ചരക്ക് ലോറി മറിഞ്ഞ് കർണ്ണാടക സ്വദേശി ഗോപാൽ ജാദവ് ( 41) മരിച്ചു.

   കേരളീയം   

കൊച്ചി മുനമ്പത്ത് വള്ളം മറിഞ്ഞ് കാണാതായ 4 മത്സ്യതൊഴിലാളികൾക്കായുള്ള  തിരച്ചിൽ തുടരുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് താലൂക്കിലെ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പൊലീസ്. തട്ടിപ്പിലൂടെ കിട്ടിയ പണം എവിടെ പോയി എന്ന് അറിയില്ലെന്നും കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

തട്ടിപ്പിലെ പ്രധാനികള്‍ കോഴിക്കോട്ടെ നാലംഗ സംഘമാണെന്നാണ് നിയമന കോഴ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവ്. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിന്‍ രാജ്, ശ്രീരൂപ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികളെന്ന് അഖില്‍ സജീവ് പൊലീസിന് മൊഴി നല്‍കി.

തട്ടം വിഷയത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശത്തില്‍ സമസ്തയുടെ പോഷക സംഘടനകളുടെ പ്രതിഷേധം. അടിയന്തിര നടപടിയാവശ്യപ്പെട്ട് സമസ്തയുടെ 21 പോഷക സംഘടനാ നേതാക്കള്‍ ഒപ്പിട്ട കത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും അയച്ചു.

ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും ദില്ലി പൊലീസിന്റെ പരിശോധന. ന്യൂസ് ക്ലിക്കിന്റെ മുന്‍ ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലെത്തിയ ദില്ലി പൊലീസ് മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു. .


തട്ടം വിഷയത്തില്‍ പിഎംഎ സലാമിന് മറുപടിയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സര്‍ക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്തയുടെ ഭരണഘടനയിലുള്ളതാണെന്നും അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

നവംബറില്‍ നടക്കുന്ന കേരളീയത്തിന് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും ഏറെ അഭിമാനമുണ്ടെന്ന് വിഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു. നടന്റെ വിഡിയോ ദൃശ്യം സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച് മുഖ്യമന്ത്രി.

താമരശ്ശേരി രൂപതക്കും സഭാ നേതൃത്വത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈദികന്‍ അജി പുതിയാപറമ്പില്‍. സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത വൈദികനായ അജി പുതിയാപറമ്പിലിനെതിരെ കുറ്റവിചാരണ ചെയ്ത് നടപടിയെടുക്കാന്‍ താമരശ്ശേരി രൂപത മത കോടതി സ്ഥാപിച്ചതിനെതിരെയാണ് ആരോപണം. 




വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ആണ് കേരള തീരത്ത് എത്തുന്ന ആദ്യ കപ്പല്‍. ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

  ദേശീയം    


ഇടത് തീവ്ര സംഘങ്ങളെ രണ്ട് വര്‍ഷത്തിനുള്ളില്‍ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ അധ്യക്ഷനായ, മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ ഇടതു തീവ്ര സംഘങ്ങളെ രാജ്യത്തുനിന്നും തുടച്ചു നീക്കാനുള്ള പ്രമേയം പാസാക്കി. 2022 – 2023 കാലഘട്ടത്തില്‍ ഇടത് തീവ്ര സംഘങ്ങള്‍ക്കെതിരെ വലിയ നേട്ടമുണ്ടാക്കാനായെന്ന് അമിത് ഷാ പറഞ്ഞു.


തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്നലെ ഖാനപുരില്‍ നിന്നുള്ള നിയമസഭാംഗം അജ്മീറ രേഖ, മുതിര്‍ന്ന നേതാവ് കാശിറെഡ്ഡി നാരായണ റെഡ്ഡി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ഇതില്‍ കാശി റെഡ്ഡി നാരായണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പ്രതിപക്ഷം ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡിന് സാധ്യത, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ കേസുകളില്‍ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

എഫ്ഐആര്‍ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്റെയും, എച്ച് ആര്‍ മേധാവിയുടെയും അറസ്റ്റിന്റെ കാരണം റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന കാരണത്താലാണ് ദില്ലി ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ബിഹാറിലെ ജാതി സെന്‍സസില്‍ ഇപ്പോള്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേസ് ജനുവരിയില്‍ പരിഗണിക്കാന്‍ മാറ്റിവെച്ചു.

2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനം ബാങ്കുകളില്‍ നിക്ഷേപമായി തിരിച്ചെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകള്‍ വഴി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിങ്കപ്പുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.

എക്‌സ്, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും തരത്തിലുള്ള ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയലുകള്‍ (CSAM) കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്.

ഉത്തര്‍പ്രദേശില്‍ കോച്ചിംഗ് സെന്റര്‍ നടത്തുന്ന അധ്യാപകനെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വെടിവെച്ചു. ആഗ്രയിലാണ് സംഭവം. അധ്യാപകന്റെ കാലിലാണ് വെടിയേറ്റത്. ബൈക്കില്‍ കയറി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു.

  അന്തർദേശീയം  

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നര്‍ഗസിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധിമാനെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും പുടിന്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍.

വിദേശത്ത്  ചൈനീസ് അനുകൂല വാര്‍ത്തകള്‍ ഉറപ്പാക്കാന്‍ ചൈന പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടിലുണ്ട്.

    കായികം  淚

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യതയും ഇന്ത്യ നേടി.

ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്‌സിനെ 81 റണ്‍സിന് കീഴടക്കി പാകിസ്താന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 286 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സ് 41 ഓവറില്‍ 205 റണ്‍സിന് എല്ലാവരും പുറത്തായി.

Advertisement