തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് സെന്റർ മാനവീയം വീഥിയിൽ അടുത്ത മാസം ആരംഭിക്കും. ഭക്ഷണവും കലാപരിപാടികളും ഉൾപ്പെടെ രാത്രി ജീവിതം ആസ്വദിക്കാനുള്ള സൗകര്യങ്ങൾ മാനവീയം വീഥിയിൽ ഒരുക്കും. രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് വരെ മാനവീയം വീഥി സജീവമായിരിക്കും. കുടുംബശ്രീ അംഗങ്ങളുടെ കടകളും വ്യത്യസ്ത കലാപരിപാടികളും വീഥിയിലുണ്ടാകും.
ഒക്ടോബർ 25ന് മുൻപായി ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പുകൾ നടന്ന് വരുന്നു. മേയർ ചെയർമാനായും ജില്ലാ കലക്‌ടർ കോ ചെയർമാനായും നഗരസഭ സെക്രട്ടറി കമ്മിറ്റി സെക്രട്ടറിയായും സബ് കലക്‌ടർ, സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്ന കമ്മിറ്റിയായിരിക്കും പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
മ്യൂസിയം ഭാഗത്തുനിന്ന് വെള്ളയമ്പലത്തേക്ക് പോകുമ്പോൾ കെൽട്രോണിനു മുന്നിൽ ആരംഭിച്ച് ആൽത്തറമൂട് ജംക്‌ഷനിൽ വഴുതാക്കാട്ടേക്ക് പോകുന്ന റോഡിൽ അവസാനിക്കുന്ന ഇടറോഡാണ് മാനവീയം വീഥി. ആദ്യഘട്ടമെന്ന നിലയിൽ വൈകിട്ട് ഏഴരയോടെ മാനവീയം വീഥിയിലൂടെയുള്ള വാഹനഗതാഗതം നിർത്തിവയ്ക്കാനും രാവിലെ അഞ്ച് മണിയോടെ ഗതാഗതം പുനരാരഭിക്കാനുമാണ് ആലോചിക്കുന്നത്.
അവിടെയുള്ള മിൽമയുടെ സ്റ്റാൾ പുതിയ കടയിലേക്ക് മാറ്റാനും പുതുതായി നിർമിച്ചിട്ടുള്ള കടകൾ പ്രവർത്തിപ്പിക്കാൻ കുടുംബശ്രീയെ ഏൽപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മൊബൈൽ വെൻഡിങ് ഫുഡ് കോർട്ടുകൾ രാത്രികളിൽ പൂർണമായി പ്രവർത്തിപ്പിക്കും. പരിപാടികൾ നടത്താൻ നഗരസഭയുടെയും ഡിടിപിസിയുടെയും സംയുക്ത പോർട്ടലിൽ അപേക്ഷിക്കണം.
പരിശോധിച്ച് അനുവാദം നൽകുന്നതിനും പരിപാടികളെ കൊമേർഷ്യൽ, നോൺ കൊമേർഷ്യൽ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിക്കാനും കൊമേർഷ്യൽ പരിപാടികൾക്ക് ഫീസ് ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, മാലിന്യ സംസ്കരണം എന്നിവ പൂർണമായി നഗരസഭയുടെ ചുമതല ആയിരിക്കും. ‘മാനവീയം വീഥി’ എന്ന പേര് നിലനിർത്തി തന്നെ നൈറ്റ് ലൈഫ് സെന്ററിന് ഒരു പേര് കണ്ടെത്താൻ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കും.