ന്യൂ ഡെൽഹി :
മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു ക്ഷണിച്ച് നടനും രാജ്യസഭാ മുൻ അംഗവുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും. വിവാഹ ക്ഷണക്കത്ത് രാധിക, ഭാഗ്യ എന്നിവർക്കൊപ്പം പ്രധാനമന്തിക്ക് കൈമാറുന്ന ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും കുടുംബം പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. “കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് മോദിയോടൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്. സഹോദരന് സുഭാഷ് ഗോപി, ഭാര്യ റാണി എന്നിവരും മോദിയെ സന്ദർശിക്കാൻ ഒപ്പമുണ്ടായിരുന്നു.
ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. ശ്രേയസ് മോഹന്‍ ആണ് വരന്. ജൂലൈയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിവാഹ റിസപ്ഷൻ നടക്കും.
സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ. അടുത്തിടെ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. പരേതയായ ലക്ഷ്മി സുരേഷ്, നടന് ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.