ഫ്ലെക്സിലെ മുഖ്യമന്ത്രിയുടെ മുഖം കാണാൻ സ്കൂൾ വളപ്പിലെ തണൽമരം മുറിച്ചു; പരിഹസിച്ച് കോൺഗ്രസ് നേതാവ്

Advertisement

കണ്ണൂർ: ഫ്ലെക്സ് ബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്കൂൾ വളപ്പിലെ തണൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റിയതിനെതിരെ പ്രതിഷേധവുമായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നതുപോലെ തണൽ മരത്തിന്റെ കൊമ്പുകൾ നിഷ്കരുണം മുറിച്ചു കളഞ്ഞതെന്ന് മധു സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇങ്ങനെ പുരയേക്കാൾ വളരുമെന്ന് സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരൻ എന്ന വടവൃക്ഷത്തെ സിപിഎം മൂടോടെ വെട്ടി നുറുക്കുകയായിരുന്നില്ലേ എന്നും പഴകുളം മധു ചോദിച്ചു.

പഴകുളം മധു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

കണ്ണൂരിൽ ഫ്ലെക്സ് ബോർഡിലെ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്കൂൾ വളപ്പിലെ തണൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റി. കണ്ണൂർ തവക്കര യുപി സ്‌കൂളിലാണ് സംഭവം. ദൂരെയുള്ള കെട്ടിടത്തിനു മുകളിൽ വച്ചിട്ടുള്ള ബോർഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത’ കേറുന്നപോലെ തണൽ മരത്തിന്റെ കൊമ്പുകൾ നിഷ്കരുണം മുറിച്ചു കളഞ്ഞത്.

ഒന്നോർത്താൽ അതിലൊക്കെ എന്തിന് അതിശയിക്കണം! ഇങ്ങനെ ‘പുരയേക്കാൾ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരൻ എന്ന വടവൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുകയായിരുന്നില്ലേ സിപിഎം ചെയ്തത്. പിന്നെയാണോ ഒരു മരച്ചില്ല!

മുഖ്യമന്ത്രിയാണെങ്കിൽ ഇങ്ങനെയൊക്കെ വേണം. മരച്ചില്ല കോണിവച്ചു മുറിച്ച സഖാക്കൾ ‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം’ എന്ന പാട്ടും പാടിയാണ് കൃത്യം നിർവഹിച്ചത് എന്നാണു കേൾക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പാർട്ടിയുടെ ഏതാണ്ട് എല്ലാ മീറ്റിങ്ങുകളിലും ഈ പാട്ട് ഇപ്പോൾ വിപ്ലവഗാനങ്ങൾക്കു പകരം വയ്ക്കാറുണ്ട്. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ദേശീയ ഗാനത്തിനു പകരം ‘മന്നവേന്ദ്ര’’യാണ് കാബിനറ്റ് മീറ്റിങ്ങുകളിലും പാടുന്നതെന്നും കേൾക്കുന്നു.

കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് സർക്കാരിന്റെ തണൽ ഒരു കാര്യത്തിലും ലഭിക്കുന്നില്ല, എന്നാൽ പ്രകൃതി ഒരുക്കുന്ന തണലെങ്കിലും കൊടുത്തുകൂടേ കുഞ്ഞുങ്ങൾക്ക്. പക്ഷേ ഈ അൽപന്മാരുടെ പാർട്ടി അതൊന്നും കേൾക്കില്ല. മരങ്ങളെ സംരക്ഷിക്കാൻ ഒരു വശത്തു സമ്മേളനങ്ങളും, ചില്ലകൾ മുറിച്ചിടാൻ മറുവശത്തു കത്താളുമായി വരുന്ന സിപിഎമ്മിലെ പിണറായി ഭക്തന്മാർ ഇക്കാലത്തെ സിപിഎം പാർട്ടിയുടെ യഥാർഥ മുഖമാണ് കാണിച്ചു തരുന്നത്. ഒളിച്ചുവച്ച കത്തിയും ചിരിക്കുന്ന മുഖവുമായി നടക്കുന്ന അഭിനവ മനുഷ്യ സ്നേഹികൾ!

ഒളിച്ചാണ് മരച്ചില്ലകൾ മുറിച്ചതത്രെ!! ‘മരക്കൊല’ മാത്രമല്ല, മനുഷ്യക്കൊലയും ഒളിഞ്ഞിരുന്നാണല്ലോ ഇവർ ചെയ്യുന്നത്. സജിത്ത് ലാൽ, ടി.പി. ചന്ദ്രശേഖരൻ, ഷുഹൈബ്, ഷുക്കൂർ, പെരിയയിലെ പ്രിയ സഹോദരങ്ങൾ കൃപേഷ്, ശരത് ലാൽ…. എത്ര പേരെയാണ് ഇവർ മറഞ്ഞിരുന്നും പതിയിരുന്നും വകവരുത്തിയിട്ടുള്ളത്! അതോർത്താൽ തവക്കര സ്കൂൾ വളപ്പിലെ മരത്തിന്റെ കണ്ണീർ സിപിഎം പാർട്ടിക്ക് വല്ല കാര്യവുമാണോ?