സംസ്ഥാനത്തെ നാല് ദേശീയപാതാ പദ്ധതികൾ ഉടൻ നാടിന് സമർപ്പിക്കും

Advertisement

തിരുവനന്തപുരം: ദേശീയപാത 66ന്റെ ഭാ​ഗമായ മുക്കോല– കാരോട് ഉൾപ്പെടെ സംസ്ഥാനത്തെ നാല് പദ്ധതി അടുത്തയാഴ്‌ച നാടിന് സമർപ്പിക്കും. നീലേശ്വരം റെയിൽവേ മേൽപ്പാലം, ചെറുതോണി പാലം, നവീകരിച്ച മൂന്നാർ-– ബോഡിമെട്ട് ദേശീയപാത എന്നിവയാണ് മറ്റ് പദ്ധതികൾ. ഉദ്ഘാടനത്തിന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എത്തിയേക്കും. തിരുവനന്തപുരത്ത് ചടങ്ങ് നടത്താനാണ് സാധ്യത. 43 കിലോമീറ്ററുള്ള കഴക്കൂട്ടം–- കാരോട് ബൈപാസിലെ 16.05 കിലോമീറ്ററിലുള്ള കോൺക്രീറ്റ് റോഡാണ് മുക്കോല–  കാരോട് പാത. സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ കോൺക്രീറ്റ് പാതയാണിത്.  2018-ൽ പി കരുണാകരൻ എംപി ആയിരിക്കുമ്പോഴാണ്‌ നീലേശ്വരം മേൽപ്പാലം നിർമാണം ആരംഭിച്ചത്. പാലത്തിനായി സിപിഐ എം നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. 780 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള പാലം 64.44 കോടി രൂപ ചെലവിലാണ്‌ നിർമിച്ചത്‌. കൊ​ച്ചി-​– ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​തയുടെ ഭാ​ഗമാണ്  42 കി​ലോ​മീ​റ്റർ വരുന്ന മൂ​ന്നാർ– -​ബോ​ഡി​മെ​ട്ട് റീ​ച്ച്. 382 കോ​ടി ചെ​ല​വി​ൽ 2017ലാ​ണ് നവീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ഒ​രു​വ​ശം തകർന്നതോടെയാണ്  ചെറുതോണിയിൽ പു​തി​യ പാ​ലവും റോ​ഡും നി​ർ​മി​​ച്ച​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് 38 കോ​ടി​യും പാ​ല​ത്തി​ന് 25 കോ​ടി​യും അ​നു​വ​ദി​ച്ചു. 40 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ മൂ​ന്ന്​ സ്പാ​നി​ൽ നിർമിച്ച പാലത്തിന്‌ 120 മീ​റ്റ​റാ​ണ്​ നീ​ളം. ദേശീയപാത പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ തുകയുടെ 25 ശതമാനം സംസ്ഥാനമാണ്‌ വഹിച്ചത്. ഇതിനിടെ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്ക് കേന്ദ്രം 1720 കോടി രൂപ അനുവദിച്ചു.

Advertisement