അതിദരിദ്ര വിദ്യാർഥികളുടെ സൗജന്യ യാത്ര: പ്രതിഷേധവുമായി ബസ് ഉടമകൾ

Advertisement

തൃശൂർ: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്ക് കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഗതാഗത വകുപ്പാണ് വിദ്യാർഥികൾക്ക് യാത്രാ ഇളവ് അനുവദിച്ചുള്ള ഉത്തരവിറക്കിയിട്ടുള്ളത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന സൗജന്യ യാത്രയ്ക്ക് നവംബര്‍ ഒന്ന് മുതലാണ് പ്രാബല്യം.

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ കുടുംബങ്ങളിലെ വിദ്യാര്‍ഥികൾക്ക് ബസ് യാത്ര പൂര്‍ണമായും സൗജന്യമാകും. അതിദരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ സർക്കാർ പരിശോധന നടത്തിയിരുന്നു. മൊത്തം 64,006 കുടുംബങ്ങളുണ്ടെന്നാണ് കണ്ടെത്തിയത്. ഈ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സർക്കാർ ഉത്തരവ് പ്രകാരം കെഎസ്ആർടിസി-സ്വകാര്യ ബസുകളിൽ നവം. ഒന്നു മുതൽ യാത്ര സൗജന്യമായിരിക്കും.

നിലവില്‍ ഹയര്‍ സെക്കന്‍ഡറി വരെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രയാണ്. കോളെജ് തലത്തില്‍ മാനദണ്ഡങ്ങള്‍ പരിഗണിച്ച് കണ്‍സഷന്‍ നിരക്കുണ്ട്. സ്വകാര്യ ബസുകളിലും കണ്‍സഷന്‍ നിരക്കിലാണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ യാത്ര അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്. ടാക്സ് ഇളവിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതെന്ന് ബസ് ഉടമകൾ പറ‍യുന്നു. സ്വകാര്യ ബസുകൾക്ക് സർക്കാർ യാതൊരുവിധ ടാക്സ് ഇളവോ, മറ്റു ആനുകൂല്യങ്ങളോ നൽകുന്നില്ല.

നിലവിൽ കനത്ത സാമ്പത്തിക നഷ്ടത്തിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകളിൽ ഇളവ് അനുവദിക്കാൻ തയ്യാറല്ലെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) ചൂണ്ടിക്കാട്ടി. ഇതിനു പുറമേ അതിദരിദ്ര്യ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ബസിൽ കയറുമ്പോൾ ഇവരെ തിരിച്ചറിയാൻ കണ്ടക്‌ടർമാർക്ക് സാധിക്കാത്ത അവസ്ഥയുണ്ടാകും. ഓരോ യാത്രയിലും ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷത്തിന് ഇത് കാരണമാകും.

സർക്കാർ എടുത്ത തീരുമാനം അടിയന്തിരമായി പിൻവലിക്കണം. അല്ലാത്തപക്ഷം ബസ് സർവീസ് നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള സമര പരിപാടികൾ നടത്തേണ്ടി വരുമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുന്നറിയിപ്പ് നൽകി. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെബിടിഎ സംസ്ഥാന പ്രസിഡന്‍റ് ജോൺസൺ പടമാടനും സെക്രട്ടറി എം.ഗോകുൽദാസും ആവശ്യപ്പെട്ടു.

Advertisement