കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമെ ഒരു സീറ്റ് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോൺഗ്രസ് മാണി വിഭാഗം. ഇടത് മുന്നണിയോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിനെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം ഉയരുമ്പോഴാണ് കൂടുതൽ സീറ്റെന്ന സമ്മർദ്ദ തന്ത്രവുമായി ജോസ് കെ മാണി രംഗത്ത് എത്തുന്നത്.
കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതിന് ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സിറ്റിംഗ് സീറ്റായ കോട്ടയം തന്നെയായിരിക്കും ഇടതുമുന്നണിയും കേരളാ കോൺഗ്രസിന് നൽകുക എന്ന് ഉറപ്പാണ്. ഇതിന് പുറമെയാണ് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാർട്ടി ശക്തമാക്കുന്നത്. ഇടുക്കിയോ പത്തനംതിട്ടയോ ചോദിക്കാനാണ് പാർട്ടിക്കുള്ളിലെ ധാരണ.
നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടതുമുന്നണി നേട്ടമുണ്ടാക്കിയത് കേരളാ കോൺഗ്രസിൻറെ വരവോടുകൂടിയാണന്നാണ് പാർട്ടി വിലയിരുത്തൽ. അതുകൊണ്ടുതന്നെ കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും പാർട്ടി യോഗത്തിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇടതുമുന്നണി സീറ്റ് വിഭജന ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കണം എന്ന ആവശ്യമുയർന്നുകഴിഞ്ഞു. കേരളാ കോൺഗ്രസിനെ യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരണം എന്ന ആവശ്യം ശക്തമായി നിലനിൽക്കുമ്പോഴാണ് ഇടതുമുന്നണിയിൽ കൂടുതൽ സീറ്റെന്ന സമ്മർദ്ദ തന്ത്രം ജോസ് കെ മാണിയും കൂട്ടരും പ്രയോഗിക്കുന്നത്.